"യെമനിലേക്കുള്ള യാത്രാനുമതിക്ക് കേന്ദ്രത്തെ സമീപിക്കണം'; നിമിഷപ്രിയ കേസ് ആക്ഷൻ കൗണ്‍സിലിനോട് സുപ്രീംകോടതി
Saturday, July 19, 2025 2:12 AM IST
ന്യൂഡൽഹി: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ തടയുന്നതിനുള്ള ചർച്ചകൾക്കായി യെമൻ സന്ദർശിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ അനുമതി തേടാൻ സേവ് നിമിഷപ്രിയ ആക്ഷൻ കൗണ്‍സിലിനോടു സുപ്രീംകോടതി.
കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയുടെ കുടുംബത്തെ കണ്ടു മാപ്പപേക്ഷിക്കുന്നതിനും ദയാധന ചർച്ചകൾ നടത്തുന്നതിനുമായി ആക്ഷൻ കൗണ്‍സിൽ അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കു യെമനിലേക്ക് പോകുന്നതിനുള്ള അനുമതിയാണ് ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് മുന്‍പാകെ ഹർജിക്കാർ ആവശ്യപ്പെട്ടത്.
ആക്ഷൻ കൗണ്‍സിൽ അംഗങ്ങളിൽനിന്ന് രണ്ടുപേർ, കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ രണ്ടു പ്രതിനിധിസംഘം തുടങ്ങിയവരെ യെമനിലേക്ക് അയയ്ക്കണമെന്നാണു ഹർജിക്കാരായ സേവ് നിമിഷപ്രിയ ആക്ഷൻ കൗണ്‍സിൽ കോടതിയോട് ആവശ്യപ്പെട്ടത്.
കേന്ദ്രസർക്കാരിൽനിന്ന് രണ്ട് ഉദ്യോഗസ്ഥരെ സംഘത്തിനൊപ്പം അയയ്ക്കണമെന്നും ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഗെന്ത് ബസന്ത് ആവശ്യപ്പെട്ടു. എന്നാൽ, ഇക്കാര്യത്തിൽ ഉറപ്പ് നൽകുന്നില്ലെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി വ്യക്തമാക്കി. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ അയയ്ക്കുന്നത് പരിഗണിക്കാമെന്നും എന്നാൽ ഇക്കാര്യം റെക്കോർഡിക്കലാക്കരുതെന്നും വെങ്കിട്ടരമണി കോടതിയിൽ ആവശ്യപ്പെട്ടു.
ഇന്ത്യൻ പൗരന് യെമൻ സന്ദർശിക്കുന്നതിന് വിലക്കുള്ളതിനാൽ യാത്ര സംബന്ധിച്ച കാര്യത്തിൽ തീരുമാനമെടുക്കേണ്ടതു കേന്ദ്രസർക്കാരാണ്. അതിനാലാണു വിഷയത്തിൽ സർക്കാരിന്റെ നിലപാട് തേടാൻ കോടതി നിർദേശിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചെങ്കിലും പുതിയ തീയതി പ്രഖ്യാപിക്കാത്തത് ഏതെങ്കിലും തരത്തിലുള്ള നീക്കങ്ങൾ നടക്കുന്നതിനെ സൂചിപ്പിക്കുന്നുവെന്ന് കേന്ദ്രം കോടതിയിൽ പറഞ്ഞു.
നിമിഷപ്രിയയുടെ മോചനത്തിനായി സാധിക്കുന്ന കാര്യങ്ങൾ നടത്തുമെന്ന് വ്യക്തമാക്കിയ കേന്ദ്രം പ്രതികൂലമായി ഒന്നും സംഭവിക്കുന്നത് ആഗ്രഹിക്കുന്നില്ലെന്നും നിമിഷപ്രിയ ജയിൽമോചിതയായി പുറത്തുവരട്ടേയെന്ന് ആഗ്രഹിക്കുന്നതായും വ്യക്തമാക്കി.
നിമിഷപ്രിയയുടെ അമ്മ നിലവിൽ യെമനിലുണ്ടെന്നും അതിനാൽ പ്രതിനിധിസംഘം യെമനിലേക്കു പോകുന്നത് കൂടുതൽ പ്രയോജനം ചെയ്യുമെന്ന് തോന്നുന്നില്ലെന്നും അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി.
ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നു തലാലിന്റെ സഹോദരൻ
ഇന്ത്യൻ മാധ്യമങ്ങൾ നിമിഷപ്രിയയെ ഇരയായി ചിത്രീകരിക്കുന്നുവെന്നാണ് തലാലിന്റെ കുടുംബം തുടരെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ആരോപിക്കുന്നത്. ഒരു പ്രതിനിധിസംഘവുമായും തങ്ങളുടെ കുടുംബം ചർച്ച നടത്തിയിട്ടില്ലെന്നും തലാലിന്റെ സഹോദരൻ അബ്ദു ഫത്താഹ് മഹ്ദി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
മധ്യസ്ഥചർച്ചകൾ നടക്കുന്നുവെന്നതു മാധ്യമങ്ങൾ വഴി മാത്രമാണു തങ്ങൾ അറിയുന്നതെന്നും ഇതുമായി ബന്ധപ്പെട്ട ഫോണ്‍കോൾ തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നും മഹ്ദി വ്യക്തമാക്കി. തങ്ങൾ ഇപ്പോഴും ശിക്ഷ നടപ്പാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.