ഇന്ത്യ മുന്നണി യോഗം നാളെ
Friday, July 18, 2025 2:42 AM IST
ന്യൂഡൽഹി: പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ യോഗം നാളെ നടക്കും. കഴിഞ്ഞ വർഷം ജൂണിൽ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷമുള്ള ആദ്യ യോഗമാണിത്. ഏകദേശം 13 മാസത്തിനു ശേഷമാണ് പ്രതിപക്ഷ മുന്നണികൾ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ യോഗം ചേരുന്നത്.
തൃണമൂൽ കോണ്‍ഗ്രസും ആം ആദ്മി പാർട്ടിയും യോഗത്തിൽ പങ്കെടുത്തേക്കില്ലെന്നാണു സൂചന. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, ഇന്ത്യ-പാക് വെടിനിർത്തൽ കരാറിൽ താൻ ഇടപെട്ടുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന, ബിജെപി സർക്കാരിന്റെ വിദേശനയം തുടങ്ങിയ വിഷയങ്ങൾ തിങ്കളാഴ്ച ആരംഭിക്കുന്ന വർഷകാല സമ്മേളനത്തിൽ ഏതുവിധത്തിൽ ഉന്നയിക്കണമെന്നതടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്യും.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പടക്കം കണ്ടുകൊണ്ടായിരിക്കും നാളത്തെ യോഗമെന്നതും പ്രസക്തമാണ്. വോട്ടർ പട്ടികയിലെ തീവ്രപരിശോധനയും ചർച്ചാവിഷയമാകും.