ബംഗാളി സംസാരിക്കുന്നവരെ പീഡിപ്പിക്കുന്നു; കേന്ദ്രത്തിനെതിരേ മമത
Thursday, July 17, 2025 2:03 AM IST
കോല്‍ക്കത്ത: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബംഗാളികളെ പീഡിപ്പിക്കുകയാണെന്നു പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
ഇത്തരം നടപടികൾ അടിയന്തരമായി അവസാനിച്ചില്ലെങ്കിൽ രാഷ്ട്രീയമായ വലിയ തിരിച്ചടികൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും അവർ നൽകി. ഭാഷനോക്കിയുള്ള പീഡനത്തിൽ പ്രതിഷേധിച്ച് കൊൽക്കത്തയിൽ പെരുമഴയത്ത് നടത്തിയ മാർച്ചിലാണു മമതയുടെ മുന്നറിയിപ്പ്.
അഭിഷേക് ബാനര്‍ജി ഉള്‍പ്പെടെ തൃണമൂല്‍ കോണ്‍ഗ്രസിലെ പ്രമുഖനേതാക്കളെല്ലാം പങ്കെടുത്തു. നഗരത്തെ സ്തംഭിപ്പിച്ച പ്രതിഷേധമാർച്ചിന് ഏകദേശം മൂന്നുകിലോമീറ്ററോളം നീളമുണ്ടായിരുന്നു.
ഒഡീഷയിൽ കുടിയേറ്റ തൊഴിലാളികളെ തടവിലാക്കിയതും, ഭാഷാപരമായ വേര്‍തിരിവും, ഡല്‍ഹിയിലെ ഒഴിപ്പിക്കല്‍ നടപടികളുമാണു മമതയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന്റെ പ്രതിഷേധത്തിനു കാരണം.
ഒഡീഷയില്‍ ബംഗ്ലാദേശികളെന്നു സംശയിക്കുന്ന 444 പേരെ അടുത്തിടെ തടഞ്ഞുവച്ചിരുന്നു. ഇവരില്‍ 200 പേര് ബംഗാളില്‍നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണെന്നാണു തൃണമൂല്‍ കോൺഗ്രസ് വാദം.
പശ്ചിമബംഗാളിൽനിന്നുള്ള പൗരന്മാർക്കെല്ലാം തിരിച്ചറിയൽകാർഡുണ്ട്. അവര്‍ക്ക് കഴിവുകളുള്ളതുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നത്. അവരെക്കൊണ്ട് പണിയെടുപ്പിക്കും, പക്ഷെ ബംഗാളി സംസാരിക്കുമ്പോള്‍ അറസ്റ്റ് ചെയ്യും. ആരാണ് നിങ്ങള്‍ക്ക് ഈ അധികാരം തന്നതെന്നു പ്രതിഷേധയോഗത്തിൽ മമത ചോദിച്ചു. ഇന്നു മുതൽ കൂടുതൽനേരം ബംഗാളി ഭാഷയിൽ സംസാരിക്കാൻ പോവുകയാണ്.
കഴിയുമെങ്കിൽ എന്നെ ജയിലിൽ അടയ്ക്കാമെന്നും മമത വെല്ലുവിളിച്ചു. 22 ലക്ഷത്തോളം ബംഗാളി തൊഴിലാളികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പണിയെടുക്കുന്നത്. ആധാർകാർഡും പാൻകാർഡും തെരഞ്ഞെടുപ്പ് കമ്മീഷൻ തിരിച്ചറിയിൽ കാർഡും ഉൾപ്പെടെ ഇവർക്കുണ്ട്. ഭാഷയുടെ പേരിൽ ഇവരെ അപമാനിക്കാൻ ശ്രമിച്ചാൽ നോക്കിനിൽക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.