“രാജ്യത്തിന്റെ പെണ്മക്കൾ കത്തുകയും മരിക്കുകയും ചെയ്യുന്നു”; ഒഡീഷയിലെ പെണ്‍കുട്ടിയുടെ ആത്മഹത്യയിൽ രാഹുൽ
Wednesday, July 16, 2025 1:51 AM IST
ന്യൂഡൽഹി: പ്രഫസർ പീഡിപ്പിച്ചുവെന്നാരോപിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത ഒഡീഷയിലെ കോളജ് വിദ്യാർഥിനിയുടേത് ബിജെപിയുടെ സംവിധാനം നടത്തിയ കൊലപാതകമാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഒഡീഷയിലാണെങ്കിലും മണിപ്പുരിലാണെങ്കിലും രാജ്യത്തിന്റെ പെണ്മക്കൾ കത്തുകയും തകരുകയും മരിക്കുകയും ചെയ്യുകയാണെന്നും എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിശബ്ദനാണെന്നും രാഹുൽ കുറ്റപ്പെടുത്തി. രാജ്യത്തിനു വേണ്ടത് ഉത്തരങ്ങളാണെന്നും പ്രധാനമന്ത്രിയുടെ നിശബ്ദതയല്ലെന്നും രാഹുൽ പറഞ്ഞു.
തന്നെ പീഡിപ്പിച്ച പ്രഫസർക്കെതിരേ പരാതികൾ നൽകിയിട്ടും നടപടികളെടുക്കാത്തതിൽ മനംനൊന്ത് ബാലസോർ ഫക്കീർ മോഹൻ കോളജിലെ രണ്ടാംവർഷ ബിഎഡ് വിദ്യാർഥിനി ശനിയാഴ്ചയാണു തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ചത്. 95 ശതമാനം പൊള്ളലോടെ ഭൂവനേശ്വറിലെ എയിംസിൽ പ്രവേശിപ്പിച്ച വിദ്യാർഥിനി തിങ്കളാഴ്ച രാത്രിയാണ് മരണത്തിനു കീഴടങ്ങിയത്. ഇതിനുപിന്നാലെയാണ് ഒഡീഷ ഭരണകൂടത്തിനെതിരേ രാഹുൽ രംഗത്തു വന്നത്.
അവളെ സംരക്ഷിക്കേണ്ടവർ തന്നെയാണ് അവളെ തകർത്തതെന്നും ഇത് ആത്മഹത്യല്ല, സംവിധാനത്തിന്റെ ആസൂത്രിതമായ കൊലപാതകമാണെന്നും രാഹുൽ എക്സിൽ കുറിച്ചു. എപ്പോഴത്തേയും എന്നപോലെ ബിജെപിയുടെ സംവിധാനം ആരോപണവിധേയർക്കു കവചം തീർക്കുകയാണ്.
നിരപരാധിയായ പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്യാൻ നിർബന്ധിതയാക്കി. ധീരയായ വിദ്യാർഥിനി ലൈംഗികപീഡനത്തിനെതിരേ ശബ്ദമുയർത്തി. എന്നാൽ അവൾക്കു നീതി നൽകുന്നതിനു പകരം അവളെ ഭീഷണിപ്പെടുത്തുകയും തുടർച്ചയായി അപമാനിക്കുകയും ചെയ്തുവെന്നും രാഹുൽ കുറ്റപ്പെടുത്തി.