ധൻകറുമായി കൂടിക്കാഴ്ച നടത്തി ഖാർഗെ
Wednesday, July 16, 2025 1:51 AM IST
ന്യൂഡൽഹി: പാർലമെന്റിന്റെ 21ന് ആരംഭിക്കുന്ന വർഷകാല സമ്മേളനത്തിനു മുന്നോടിയായി ഉപരാഷ്ട്രപതികൂടിയായ രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻകറുമായി രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ കൂടിക്കാഴ്ച നടത്തി. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.
പഹൽഗാം ഭീകരാക്രമണം, ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തൽ ധാരണയിലെ അമേരിക്കയുടെ ഇടപെടൽ, ബിഹാറിലെ വോട്ടർ പട്ടികയുടെ സമഗ്ര പുനഃപരിശോധന എന്നിവ പാർലമെന്റിൽ ചർച്ച ചെയ്യണമെന്നു പ്രതിപക്ഷം തുടർച്ചയായി ആവശ്യപ്പെട്ടുവരുന്നതാണ്.
21ന് ആരംഭിക്കുന്ന രാജ്യസഭാസമ്മേളനം ഫലപ്രദമാകണമെന്നാണു പ്രതിപക്ഷത്തിന്റെ ആഗ്രഹമെന്നും അതിനായി പൊതുജനങ്ങൾക്ക് ആശങ്കയുള്ള നിരവധി വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും രാജ്യസഭാ ചെയർമാനുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഖാർഗെ എക്സിൽ കുറിച്ചു.