മനോജ് കുമാറിന്റെ സ്കെച്ചുകളുടെ പ്രദർശനം ശ്രദ്ധേയമായി
Wednesday, July 16, 2025 1:51 AM IST
ന്യൂഡൽഹി: നിർമിതബുദ്ധിയുടെ കാലത്ത് പഴയ കാലത്തിന്റെ ഓർമപ്പെടുത്തലുകളൊരുക്കി ഡൽഹിയിൽ ‘പാസ്റ്റ് ഫോർവേഡ്’ കലാപ്രദർശനം ശ്രദ്ധേയമായി.
യന്ത്രങ്ങൾ മാറ്റിയെഴുതുന്ന ലോകത്തിൽ മാനുഷികവും ആത്മീയവും ശാശ്വതവുമാണു കലാസൃഷ്ടികളെന്ന് ഓർമിപ്പിക്കുന്നതാണ് മലയാളി ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ടി.കെ. മനോജ് കുമാർ ഉൾപ്പെടെയുള്ള ചിത്രകാരന്മാരുടെ പ്രദർശനം.
ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിലെ അഞ്ചു ദിവസത്തെ പ്രദർശനത്തിലുള്ള നിറങ്ങളുടെയും സൂക്ഷ്മ വിശദാംശങ്ങളുടെയും വ്യത്യസ്തമായ അന്പതിലധികം കലാസൃഷ്ടികൾ കാണാൻ നൂറുകണക്കിനാളുകളാണ് എത്തുന്നത്.

കാലം പുരോഗമിക്കുകയും ജീവിതം പരിണമിക്കുകയും ചെയ്യുന്പോഴും കലാസൃഷ്ടികളാണു സ്ഥിരതയുള്ളതെന്ന സന്ദേശമാണ് പാസ്റ്റ് ഫോർവേഡ് എന്ന പ്രദർശനത്തിലൂടെ കലാകാരന്മാർ നൽകുന്നതെന്ന് പ്രമുഖ സ്കെച്ച് ചിത്രകാരൻകൂടിയായ ടി.കെ. മനോജ് കുമാറും ക്യൂറേറ്റർ വിശാൽ ഗോയലും പറഞ്ഞു.
മനോജ് കുമാറിന്റെയും ഹാൻസ് റാം യാദവ്, ദിലാവർ ഖാൻ, പവൻ സാഹു, തപാസി സെൻ, ഹിമാദ്രി തുടങ്ങിയവരുടെയും പെയിന്റിംഗുകൾ ലോകോത്തര നിലവാരമുള്ളവയാണെന്നു പ്രദർശനം കാണാനെത്തിയ നീതി ആയോഗ് മുൻ സിഇഒ അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടു.
ഓർമകളും വ്യക്തിത്വങ്ങളും കലാപരമായ അവബോധങ്ങളും എങ്ങനെയാണ് യുഗങ്ങളെ മറികടക്കുന്നതെന്നു വ്യക്തമാക്കുന്നതാണ് ‘ഡാലി ബൈ കോംഡെസ്’ എന്ന ആർട്ട് ഗാലറി ഒരുക്കിയ പ്രദർശനം.
മാരിയോ മിറാൻഡ അടക്കമുള്ള വിഖ്യാതരുടെ പാതയിൽ പെൻസിൽ, പെൻ സ്കെച്ചുകളിലൂടെയാണ് കണ്ണൂർ സ്വദേശിയായ മനോജ് കുമാർ എന്ന ബ്യൂറോക്രാറ്റ് വരകളുടെ മാസ്മരികലോകം തീർക്കുന്നത്.
ഗപ്പ് ആൻഡ് ഗോസിപ്പ്, ഫ്രം ദ ഹിൽസ്, ക്ലൗഡ്സ് എൻഡ് ആൻഡ് ബിയോൻഡ്, ഫ്രാഗ്രന്റ് വേർഡ്സ്, ദ ഹോൻഡിംഗ് ഹിമാലയാസ് എന്നീ പുസ്തകങ്ങളിൽ മനോജിന്റെ വരകൾ പ്രസിദ്ധീകരിച്ചിരുന്നു. തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം മുതൽ പഴയ ഡൽഹിയിലെ പറാത്ത വാലി ഗലി വരെ മനോജ്കുമാറിന്റെ വരകളിലുണ്ട്.
ബിബിസി മാസ്റ്റർമൈൻഡ് ഷോയിൽ ഒന്നാം റണ്ണർ അപ്പായ മനോജ് ഡൽഹി ഐഐടിയിൽനിന്നു മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദമെടുത്തശേഷമാണ് സിവിൽ സർവീസിലെത്തിയത്. 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം കണ്ണൂർ ജില്ലാ കളക്ടറും മുൻ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും മസൂറി ഐഎഎസ് അക്കാഡമിയിലെ അധ്യാപകനുമായിരുന്നു.
കേന്ദ്ര വെയർഹൗസിംഗ് വികസന റെഗുലേറ്ററി അഥോറിറ്റി ചെയർമാനായി വിരമിച്ചശേഷം വരകളുടെ ലോകത്തിലാണു മനോജ്കുമാർ.