ജമ്മുകാഷ്മീരിന്റെ സംസ്ഥാനപദവി: മോദിക്ക് കത്തയച്ച് ഖാർഗെയും രാഹുലും
Thursday, July 17, 2025 2:03 AM IST
ന്യൂഡൽഹി: ജമ്മുകാഷ്മീരിന്റെ സംസ്ഥാന പദവിക്കായി ആവശ്യം ശക്തമാക്കി പ്രതിപക്ഷം. നിലവിൽ കേന്ദ്രഭരണപ്രദേശമായ ജമ്മുകാഷ്മീരിന് സംസ്ഥാനപദവി തിരികെ നൽകണമെന്നാവശ്യപ്പെട്ടു ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷനേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും സംയുക്തമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ഇതിനായി പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ നിയമം കൊണ്ടുവരണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ജമ്മുകാഷ്മീരിന് സംസ്ഥാന പദവി നൽകുന്നതിനായുള്ള സർക്കാരിന്റെ പ്രതിബദ്ധത പ്രധാനമന്ത്രിതന്നെ പലതവണ പല അവസരങ്ങളിൽ ആവർത്തിച്ചിരുന്നത് കോണ്ഗ്രസ് നേതാക്കൾ ഓർമിപ്പിച്ചു. ഇതുകൂടാതെ ആർട്ടിക്കിൾ 370 റദ്ദാക്കിയ വിഷയത്തിൽ ജമ്മുകാഷ്മീരിന്റെ സംസ്ഥാനപദവി ഏറ്റവും ഉടൻതന്നെ തിരികെ നൽകുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതി മുന്പാകെ നൽകിയ ഉറപ്പും കോണ്ഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി.
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്താനുള്ള നിയമം കൊണ്ടുവരണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന പദവിക്കായി കോണ്ഗ്രസ് നേതാക്കൾ സ്വരമുയർത്തിയതിനെ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സ്വാഗതം ചെയ്തു.
1931ൽ മഹാരാജ ഹരിസിംഗിന്റെ സൈന്യവുമായുള്ള പോരാട്ടത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിൽനിന്നു പോലീസ് തന്നെ തടഞ്ഞുവെന്നും കൈയേറ്റം ചെയ്തുവെന്നും ഒമർ അബ്ദുള്ള ആരോപിച്ചതിനു പിന്നാലെയാണ് കോണ്ഗ്രസിന്റെ ആവശ്യം.
അന്നത്തെ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ മണ്ഡപത്തിൽ ആദരമർപ്പിക്കുന്നതിൽനിന്ന് ഒമർ അബ്ദുള്ളയെ പോലീസ് തടയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ പ്രതിപക്ഷ നേതാക്കളായ അഖിലേഷ് യാദവും എം.കെ. സ്റ്റാലിനും മമത ബാനർജിയും തേജസ്വി യാദവും ജമ്മുകാഷ്മീരിലെ പോലീസ് നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.