പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന പദ്ധതി നടത്തിപ്പു സമിതിയിൽ കർഷകരും അംഗങ്ങൾ
Thursday, July 17, 2025 2:03 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന പദ്ധതിയുടെ ഫലപ്രദമായ ആസൂത്രണം, നടപ്പാക്കൽ, നിരീക്ഷണം എന്നിവയ്ക്കായി ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിൽ സമിതികൾ രൂപീകരിക്കും. ജില്ലകളിലെ ധൻ-ധാന്യ സമിതിയിൽ പുരോഗമന കർഷകരെ അംഗങ്ങളാക്കും. ജില്ലാ കാർഷിക, അനുബന്ധ പ്രവർത്തന പദ്ധതി ഈ സമിതി അന്തിമമാക്കും.
വിള വൈവിധ്യവത്കരണം, ജല-മണ്ണ് ആരോഗ്യ സംരക്ഷണം, കൃഷിയിലും അനുബന്ധ മേഖലകളിലും സ്വയംപര്യാപ്തത കൈവരിക്കൽ, പ്രകൃതി, ജൈവ കൃഷിയുടെ വ്യാപനം എന്നീ ദേശീയ ലക്ഷ്യങ്ങളുമായി ജില്ലാ പദ്ധതികൾ സംയോജിപ്പിക്കും.
ഓരോ ധൻ-ധാന്യ ജില്ലയിലെയും പദ്ധതിയുടെ പുരോഗതി 117 പ്രധാന പ്രകടന സൂചകങ്ങളിൽ ഒരു ഡാഷ്ബോർഡ് വഴി പ്രതിമാസം നിരീക്ഷിക്കും. ജില്ലാ പദ്ധതികൾ അവലോകനം ചെയ്യുകയും നയിക്കുകയും ചെയ്യും. കൂടാതെ, ഓരോ ജില്ലയ്ക്കും നിയമിച്ചിട്ടുള്ള കേന്ദ്ര നോഡൽ ഓഫീസർമാരും പദ്ധതി പതിവായി അവലോകനം ചെയ്യും.
നൂറു ജില്ലകളിലെ ലക്ഷ്യഫലങ്ങൾ മെച്ചപ്പെടുന്നതോടെ രാജ്യത്തിന്റെ കാർഷികമേഖലയിൽ പുത്തനുണർവുണ്ടാകുമെന്നാണ് പ്രതീക്ഷ. ദേശീയ സൂചകങ്ങളും ഉയരും.
ഉയർന്ന ഉത്പാദനക്ഷമത, കൃഷിയിലും അനുബന്ധ മേഖലകളിലും മൂല്യവർധനവ്, പ്രാദേശിക ഉപജീവനമാർഗം സൃഷ്ടിക്കൽ എന്നിവയ്ക്കും പദ്ധതി കാരണമാകുമെന്ന് കേന്ദ്രം പ്രതീക്ഷിക്കുന്നു. ഇതുവഴി ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുകയും സ്വാശ്രയത്വം (ആത്മനിർഭർ ഭാരത്) കൈവരിക്കുകയും ചെയ്യുമെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചു.