തൊഴിലുറപ്പിലെ ഡിജിറ്റൽ ഹാജറിനെതിരേ കോണ്ഗ്രസ്
Friday, July 18, 2025 2:42 AM IST
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎൻആർഇജിഎസ്) യിൽ അവതരിപ്പിച്ച ഡിജിറ്റൽ ഹാജർ സംവിധാനം പിൻവലിച്ച് തൊഴിലിനനുസരിച്ച് വേതനം നൽകുന്ന രീതി നടപ്പാക്കണമെന്നു കോണ്ഗ്രസ്.
ഗ്രാമീണ മേഖലകളിൽ കൃത്യമായി മൊബൈൽ നെറ്റ്വർക്കുകൾ ലഭ്യമാകാത്തത് യഥാർഥ തൊഴിലാളികളുടെ ഫോട്ടോകൾ അപ്ലോഡ് ചെയ്യുന്നതിൽ തടസം സൃഷ്ടിക്കുമെന്നത് തുടക്കംമുതൽ വ്യക്തമായിരുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
ഒരു മിനിറ്റുപോലും ജോലി ചെയ്യാത്ത വ്യാജ തൊഴിലാളികൾ രാവിലെയും വൈകുന്നേരവും ഫോട്ടോയെടുക്കുന്നതിനു മാത്രം ജോലിസ്ഥലത്തെത്തി മസ്റ്റ്റോളുകളിൽ ഇടം പിടിക്കുന്നതു തടയാൻ ഡിജിറ്റൽ ഹാജർ സംവിധാനത്തിന് സാധിക്കില്ല.
ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി കേന്ദ്രസർക്കാർ ഇപ്പോൾ നിർദേശിക്കുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഫോട്ടോകളുടെ മേൽ നടത്തുന്ന ഭൗതിക പരിശോധനയാണ്. ഇത് കൂടുതൽ സമയനഷ്ടത്തിലേക്കു നയിക്കുമെന്നും ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
തൊഴിലുറപ്പ് പദ്ധതി തടസമില്ലാതെ പോകുന്നതിന് ഡിജിറ്റൽ ഹാജർ സംവിധാനത്തിനു പകരം തൊഴിലധിഷ്ഠിത വേതന സംവിധാനം ഏർപ്പെടുത്തണം. പ്രതിദിന വേതനം 400 രൂപയായി വർധിപ്പിക്കണം. ആധാർ അധിഷ്ഠിത പേമെന്റ് ബ്രിഡ്ജ് സിസ്റ്റം നിർബന്ധമാക്കരുത്. 15 ദിവസത്തിനുള്ളിൽ വേതനം കൈമാറണമെന്നും ജയ്റാം രമേശ് ആവശ്യപ്പെട്ടു.
തൊഴിലുറപ്പ് പദ്ധതിയിൽ 2022ൽ മോദിസർക്കാർ നടപ്പാക്കിയ നാഷണൽ മൊബൈൽ മോണിറ്ററിംഗ് സംവിധാനം (എൻഎംഎംഎസ്) വഴിയുള്ള ഡിജിറ്റൽ ഹാജരിൽ കബളിപ്പിക്കൽ നടക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനു പിന്നാലെ ഹാജർ സംവിധാനത്തിൽ പരിശോധന ശക്തമാക്കണമെന്ന് കഴിഞ്ഞ എട്ടിനാണ് കേന്ദ്രം സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയത്. ഡിജിറ്റൽ ഹാജർ സംവിധാനത്തിൽ നിരവധി കബളിപ്പിക്കൽ നടക്കുന്നതായാണു കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കണ്ടെത്തിയത്.