‘ആകാശ് പ്രൈം’ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചു
Friday, July 18, 2025 2:42 AM IST
ന്യൂഡൽഹി: സൈന്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമപ്രതിരോധ സംവിധാനം ‘ആകാശ് പ്രൈം’ വിജയകരമായി പരീക്ഷിച്ചു.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനു(ഡിആർഡിഒ) മായി സഹകരിച്ച് ആർമി എയർ ഡിഫൻസ് കോർപ്സാണു കിഴക്കൻ ലഡാക്കിൽ സമുദ്രനിരപ്പിൽനിന്ന് 15000 അടി ഉയരത്തിൽ ഇതിന്റെ പരീക്ഷണം പൂർത്തിയാക്കിയത്.
ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനമായ ആകാശിന്റെ നവീകരിച്ച പതിപ്പാണ് ആകാശ് പ്രൈം. കുറഞ്ഞ താപനിലയിലും ദുർഘടം നിറഞ്ഞ ഭൂപ്രദേശത്തും കൃത്യമായി ലക്ഷ്യസ്ഥാനം തകർക്കാൻ കഴിയുന്ന തരത്തിലാണ് ഈ വ്യോമപ്രതിരോധ സംവിധാനം രൂപകല്പന ചെയ്തിരിക്കുന്നത്.
ക്രൂയിസ് മിസൈലുകൾ, യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ തുടങ്ങി സഞ്ചരിക്കുന്ന ലക്ഷ്യങ്ങളെ കൃത്യമായി തകർക്കുന്നതിന് ആക്ടീവ് റേഡിയോ ഫ്രീക്വൻസി സീക്കർ സംവിധാനമാണ് ആകാശ് പ്രൈമിൽ ഉപയോഗിച്ചിരിക്കുന്നത്.
ടിബറ്റൻ അതിർത്തിപോലെ താഴ്ന്ന താപനിലയുള്ള ഉയർന്ന പ്രദേശങ്ങളിലാണു ആകാശ് പ്രൈം വിന്യസിക്കുക. ഏകദേശം 4500 മീറ്റർ ഉയരത്തിലും 30 കിലോമീറ്റർ ദൂരത്തിലുമുള്ള ലക്ഷ്യസ്ഥാനങ്ങൾ തകർക്കാൻ ഈ വ്യോമപ്രതിരോധ സംവിധാനത്തിന് സാധിക്കും.
തീവ്രകാലാവസ്ഥയെ നേരിടാൻ കഴിയുന്ന തരത്തിലുള്ള രൂപകല്പനയാണ് ഇതിന്റേത്. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാക്കിസ്ഥാന്റെ വ്യോമാക്രമണത്തെ പ്രതിരോധിക്കാൻ ഇന്ത്യ ആകാശ് പ്രൈം ഉപയോഗിച്ചിരുന്നു.