ബംഗളൂരു ദുരന്തം: ആർസിബിയും ക്രിക്കറ്റ് അസോസിയേഷനും കുറ്റക്കാരെന്ന്് സർക്കാർ
Friday, July 18, 2025 2:42 AM IST
ബംഗളൂരു: ഐപിഎല്‍ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേര് മരിച്ച സംഭവത്തില്‍ ആർസിബിയും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനും കുറ്റക്കാരാണെന്ന് കർണാടക സർക്കാർ.
പോലീസുമായി ആലോചിക്കുകയോ, അനുമതി തേടുകയോ ചെയ്യാതെ ആര്‍സിബി ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ഏകപക്ഷീയമായി ആളുകളെ ക്ഷണിക്കുകയായിരുന്നുന്നെന്ന് സർക്കാർ കർണാടക ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ഐപിഎൽ ഫൈനൽ മത്സരത്തിന് തൊട്ടുമുൻപ് ആർസിബിയുടെ ഇവന്റ് മാനേജ്മെന്റ് പങ്കാളിയായ ഡിഎൻഎ നെറ്റ്വർക്ക്സ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി കർണാടക ക്രിക്കറ്റ് അസോസിയേഷൻ കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിൽ കത്ത് നൽകിയിരുന്നു. ടൂർണമെന്റിൽ ആർസിബി വിജയിച്ചാൽ, ചിന്നസ്വാമി സ്റ്റേഡിയത്തിൽ വിജയാഘോഷം സംഘടിപ്പിക്കാൻഉദ്ദേശിക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്.
എന്നാൽ ഇത് അനുമതി ചോദിച്ചുകൊണ്ടുള്ള കത്തായിരുന്നില്ലെന്നും അറിയിപ്പിന്റെ സ്വഭാവത്തിലുള്ളതായിരുന്നെന്നുമാണ് സർക്കാർ പറയുന്നത്. കത്തിൽ പരിപാടിയെ സംബന്ധിക്കുന്ന (എത്രയാളുകൾ പങ്കെടുക്കുമെന്നതുൾപ്പെടെ) വിശദാംശങ്ങൾ ഇല്ലാതിരുന്നതിനാൽ പോലീസ് അനുമതി നേഷിധിച്ചു.
എന്നാൽ ആർസിബി സ്വന്തം നിലയിൽ വിജയാഘോഷവുമായി മുന്നോട്ടുപോയെന്ന് റിപ്പോർട്ട് പറയുന്നു. വിക്ടറി പരേഡ് സംബന്ധിച്ച് സമൂഹമാധ്യമത്തിലൂടെ പ്രഖ്യാപനം നടത്തി. ഈ പോസ്റ്റ് 17 ലക്ഷം പേരാണ് കണ്ടത്. വിക്ടറി പരേഡിൽ മൂന്നു ലക്ഷത്തോളം ആളുകൾ സംബന്ധിച്ചതായും സർക്കാർ പറയുന്നു.