എൻഐഎ കേസുകളിലെ വിചാരണവൈകൽ: കേന്ദ്രത്തെ വിമർശിച്ച് സുപ്രീംകോടതി
Saturday, July 19, 2025 2:12 AM IST
ന്യൂഡൽഹി: ഭീകരതയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ചുമത്തിയ വ്യക്തികളെ വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതികൾ സ്ഥാപിച്ചില്ലെങ്കിൽ വിചാരണത്തടവുകാരെ ജാമ്യത്തിൽ വിടുകയല്ലാതെ മറ്റു മാർഗമില്ലെന്നു കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകി സുപ്രീംകോടതി.
ദേശീയ അന്വേഷണ ഏജൻസി നിയമപ്രകാരം (എൻഐഎ ആക്ട്) വിചാരണകൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കേണ്ടത് അധികാരികളുടെ ഉത്തരവാദിത്വമാണെന്ന് ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
സമയബന്ധിതമായി വിചാരണ പൂർത്തിയാക്കാൻ ഫലപ്രദമായ സംവിധാനം ഏർപ്പെടുത്തിയില്ലെങ്കിൽ അത്തരം കേസുമായി ബന്ധപ്പെട്ടവരെ എത്രകാലത്തേയ്ക്ക് കസ്റ്റഡിയിൽ വയ്ക്കാൻ സാധിക്കുമെന്ന് കോടതി ചോദിച്ചു.
വിചാരണകൾ കാലാനുസൃതമായി പൂർത്തിയാക്കുന്നതിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കേണ്ടത് എക്സിക്യൂട്ടീവിന്റെ പരിധിയിൽ വരുന്ന കാര്യമാണ്. അതിനാൽ ഇക്കാര്യത്തിൽ പ്രത്യേക കോടതികൾ സ്ഥാപിച്ചു പ്രശ്നം പരിഹരിക്കുന്നതിന് വ്യക്തമായ നിർദേശം തേടാൻ സർക്കാർ അഭിഭാഷകന് കോടതി സമയം അനുവദിച്ചു.