ആർച്ച്ബിഷപ് ഗല്ലഗർ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Saturday, July 19, 2025 2:12 AM IST
ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കുന്ന വത്തിക്കാൻ വിദേശകാര്യ വിഭാഗത്തിലെ സെക്രട്ടറി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗല്ലഗർ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച്ബിഷപ് ലെയോപോൾദോ ജിറെല്ലിയുൾപ്പെടെയുള്ളവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള പരിശുദ്ധ സിംഹാസനത്തിലെ ബന്ധങ്ങളുടെ സെക്രട്ടറിയായ ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗല്ലഗറിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും വിശ്വാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംഘർഷങ്ങൾ പരിഹരിക്കുന്നതിന് ചർച്ചയുടെയും നയതന്ത്രത്തിന്റെയും ആവശ്യകതയെക്കുറിച്ചും നല്ലൊരു സംഭാഷണം നടന്നെന്നും ചർച്ചകൾക്കുശേഷം എസ്. ജയ്ശങ്കർ എക്സിൽ കുറിച്ചു.
കഴിഞ്ഞ 13ന് ഇന്ത്യയിലെത്തിയ ആർച്ച്ബിഷപ് ഗല്ലഗറിന്റെ നേതൃത്വത്തിലുള്ള വത്തിക്കാൻ സംഘം ഇന്നു മടങ്ങും. മടങ്ങുംമുന്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സംഘം കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചനയുണ്ട്.