ഭൂപേഷ് ബാഗേലിന്റെ മകനെ ഇഡി അറസ്റ്റ് ചെയ്തു
Saturday, July 19, 2025 2:12 AM IST
റായ്പുർ: ഛ ത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ മകനും വ്യവസായിയുമായ ചൈതന്യ ബാഗേലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. മദ്യ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അറസ്റ്റ്.
പ്രത്യേക പിഎംഎൽഎ കോടതിയിൽ ഹാജരാക്കിയ ചൈതന്യയെ അഞ്ചു ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു. ഭിലായ് പട്ടണത്തിലെ ഭൂപേഷ് ബാഗേലിന്റെ വസതിയിൽ ഇന്നലെ രാവിലെ ഇഡി റെയ്ഡ് നടത്തിയിരുന്നു. വൻ പോലീസ് സന്നാഹത്തോടെയായിരുന്നു റെയ്ഡ്.
മാർച്ച് മാസത്തിലും ചൈതന്യക്കെതിരേ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഭൂപേഷ് ബാഗേൽ മുഖ്യമന്ത്രിയായിരുന്ന 2019-2022 കാലത്താണ് മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി നടന്നതെന്ന് ഇഡി ആരോപിക്കുന്നു.
ജനുവരിയിൽ മുൻ മന്ത്രി കവാസി ലഖ്മയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ലഖ്മ ഉൾപ്പെടെ 70 പേരെ പ്രതിചേർത്ത് ഛത്തീസ്ഗഡ് ആന്റികറപ്ഷൻ ബ്യൂറോ കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം ആരംഭിച്ചത്.
സംസ്ഥാന സർക്കാരിന് 2,100 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
പ്രതിപക്ഷനേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ഭൂപേഷ് ബാഗേൽ കുറ്റപ്പെടുത്തി. ഇഡി അന്വേഷണവുമായി സഹകരിക്കുമെന്ന് ബാഗേൽ പറഞ്ഞു.