സിപിഐ പാർട്ടി കോണ്‍ഗ്രസ്: കരട് പ്രമേയം പുറത്തിറക്കി
Saturday, July 19, 2025 2:12 AM IST
ന്യൂഡൽഹി: ചണ്ഡീഗഡിൽ നടക്കുന്ന സിപിഐ 25 ാം പാർട്ടി കോണ്‍ഗ്രസിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരട് പുറത്തിറക്കി.
വർധിച്ചുവരുന്ന സ്വേച്ഛാധിപത്യം, കോർപറേറ്റ് ആധിപത്യം, വർഗീയധ്രുവീകരണം തുടങ്ങിയവ ചെറുക്കാൻ ഇടത് ഐക്യം അടിത്തറയാക്കി ജനാധിപത്യശക്തികളുടെ ഐക്യനിര കെട്ടിപ്പടുക്കണമെന്ന് കരട് ആവശ്യപ്പെട്ടു.
സെപ്റ്റംബർ 21 മുതൽ 25വരെയാണു പാർട്ടി കോണ്‍ഗ്രസ് നടക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഇന്ത്യാ മുന്നണിക്ക് നിരവധി തടസങ്ങൾ നേരിടേണ്ടിവന്നു. ഈ സാഹചര്യത്തിൽ പ്രതിപക്ഷ ഐക്യം ഉറപ്പാക്കുന്നതിൽ പാർട്ടി സ്വീകരിച്ച നിലപാട് പ്രസക്തമാണെന്ന് കരട് പുറത്തിറക്കി പാർട്ടി ജനറൽ സെക്രട്ടറി ഡി. രാജ വ്യക്തമാക്കി. ബലഹീനതകൾക്കിടയിലും ഇന്ത്യാ സഖ്യം തെരഞ്ഞെടുപ്പിൽ ശക്തമായ പ്രതിരോധം കാഴ്ചവച്ചതായും കരടിൽ വ്യക്തമാക്കി.
സീറ്റ് പങ്കുവയ്ക്കലായിരുന്നു ഏറ്റവും വലിയ തടസമുണ്ടാക്കിയത്. വരും തെരെഞ്ഞടുപ്പുകളിൽ ഇത് ഉണ്ടാകരുതെന്നും രാജ ആവശ്യപ്പെട്ടു. ഭരണഘടനയെ അട്ടിമറിച്ച് ഭരണകൂടത്തിന്റെ സ്വഭാവത്തെ മാറ്റിമറിക്കുകയെന്നതാണു ബിജെപി-ആർഎസ്എസ് പ്രഖ്യാപിതലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.