തുർക്കിയിൽ കാട്ടുതീ പടരുന്നു
Friday, July 25, 2025 2:51 AM IST
അങ്കാറ: തുർക്കിയിലെ വിവിധ ഭാഗങ്ങളിൽ കാട്ടുതീ പടരുന്നു. മധ്യ എസ്കിഷെയ്ർ പ്രവിശ്യയിൽപ്പെട്ട സെയിത്ഗാസി ജില്ലയിൽ കാട്ടുതീ നിയന്ത്രണവിധേയമാക്കുന്നതിനിടെ പത്ത് രക്ഷാപ്രവർത്തകർ മരിച്ചു. 24 പേരെ രക്ഷപ്പെടുത്തി.
അഞ്ച് വനപാലകരും അഞ്ച് വോളണ്ടിയർമാരുമാണ് മരിച്ചത്. രക്ഷാപ്രവർത്തനത്തിനിടെയുണ്ടായ കാറ്റിൽ രക്ഷാപ്രവർത്തകർ നിന്നിരുന്ന ഭാഗത്തേക്ക് തീ ആളിപ്പടരുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണു തീ ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് മേഖലയാകെ വ്യാപിക്കുകയായിരുന്നു.
സാകാര്യ, ബിലെസിക്, എസ്കിഷെയ്ർ, സമിർ, കാരാബക്, മാനിസ എന്നീ പ്രദേശങ്ങളിലാണു കാട്ടുതീ വ്യാപകമായിട്ടുള്ളത്. ഈ വേനൽക്കാലത്ത് രാജ്യത്തിന്റെ നൂറോളം ഭാഗങ്ങളിൽ കാട്ടുതീ പടരുകയും പതിനായിരങ്ങളെ പുനരധിവസിപ്പിക്കുകയും ചെയ്തിരുന്നു.
സൈപ്രസിൽ രണ്ടു മരണം
അതേസമയം, ദക്ഷിണ സൈപ്രസിലും കാട്ടുതീ പടരുകയാണ്. ലിമാസൊൾ ജില്ലയിലെ മാലിയ ഗ്രാമത്തിൽ കാർ കാട്ടുതീയിൽപ്പെട്ട് രണ്ടുപേർ മരിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. വിവിധ സംഭവങ്ങളിലായി 12 പേർക്ക് പൊള്ളലേറ്റു. 40 കിലോമീറ്റർ ദൂരത്തിൽ കാട്ടുതീ നാശം വിതച്ചതായാണു റിപ്പോർട്ട്. 250 ഓളം അഗ്നിരക്ഷാപ്രവർത്തകരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.