സമഗ്ര സിനിമാനയം : റിലീസ് മൂന്നു മാസത്തിനകം
Monday, August 4, 2025 4:39 AM IST
തിരുവനന്തപുരം: സിനിമാ മേഖലയിലെ നയരൂപീകരണത്തിനായി സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച കേരള സിനിമാ പോളിസി കോണ്‍ക്ലേവ് സമാപിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധരും മലയാള സിനിമാ രംഗത്തുനിന്നുള്ള പ്രമുഖരും പങ്കെടുത്ത കോണ്‍ക്ലേവിലെ ചര്‍ച്ചകള്‍ ക്രോഡീകരിച്ച് സമഗ്ര സിനിമാനയം മൂന്നു മാസത്തിനുള്ളില്‍ രൂപീകരിക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന് സമാപന സമ്മേളനത്തില്‍ പറഞ്ഞു.
ഒന്‍പത് വിഷയങ്ങളിലായി നടന്ന ചര്‍ച്ചകളിലൂടെ വിദഗ്ധരുടെയും അതിനുശേഷമുള്ള ഓപ്പണ്‍ ഫോറങ്ങളിലൂടെ മറ്റു ചലച്ചിത്ര പ്രവര്‍ത്തകരുടെയും അഭിപ്രായം തേടിയാണ് കോണ്‍ക്ലേവ് സമാപിച്ചത്. സ്വീകരിക്കാവുന്ന നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചും ചര്‍ച്ചകളിലൂടെ ലഭിച്ചവ ഉള്‍പ്പെടുത്തിയും സമഗ്രമായൊരു സിനിമാ നയമാണ് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലക്ഷ്യമിടുന്നത്.
സിനിമാ മേഖലയിലെ ഇരട്ടനികുതിയെന്ന പ്രശ്നം പരിഹരിക്കുന്നതിനായി വിനോദ നികുതി ഒഴിവാക്കുന്ന കാര്യം സമാപനചടങ്ങില്‍ മന്ത്രി സജി ചെറിയാന്, ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഈ വര്‍ഷം തന്നെ ഇ ടിക്കറ്റിംഗ് നടപ്പിലാക്കുന്നതിനായി അഞ്ചു കോടി രൂപ അനുവദിക്കുകയും അതുമായി ബന്ധപ്പെട്ട് സാങ്കേതിക സര്‍വകലാശാലയുമായി ധാരണയിലെത്തുകയും ചെയ്തതായി മന്ത്രി പറഞ്ഞു. സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കുന്നതിനായി ഏകജാലക സംവിധാനം കൊണ്ടുവരുമെന്നും സജി ചെറിയാന് പറഞ്ഞു.
എല്ലാ കലാരൂപങ്ങളും അവതരിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു സാംസ്കാരിക കേന്ദ്രം നിര്‍മിക്കണമെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് സിനിമാ കോണ്‍ക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടു പറഞ്ഞു. തിയറ്റര്‍ സമുച്ചയം മാത്രമല്ല ആവശ്യം. കവികള്‍ക്കും എഴുത്തുകാര്‍ക്കും എല്ലാ കലാകാരന്മാര്ക്കും കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള ഇടം ഉണ്ടാക്കുന്നതിനാണ് ആലോചിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തലസ്ഥാനത്ത് 100 കോടി രൂപ മുതല്‍മുടക്കില്‍ സിനിമാ കോംപ്ലക്സ് നിര്‍മിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
അടൂര്‍ ഗോപാലകൃഷ്ണന്, സൂര്യ കൃഷ്ണമൂര്‍ത്തി, ശ്രീകുമാരന്‍ തമ്പി എന്നിവരെ മന്ത്രി സജി ചെറിയാന് പൊന്നാടയണിയിച്ച് ആദരിച്ചു. സാംസ്കാരികവകുപ്പ് ഡയറക്ടര്‍ ദിവ്യ എസ്. അയ്യര്‍, ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്സണ്‍ പ്രേംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.