ചാലക്കുടിയിൽ പ്രതിഷേധം അണപൊട്ടി
Monday, August 4, 2025 4:39 AM IST
ചാലക്കുടി: ഛത്തീസ്ഗഡിൽ അന്യായമായി ജയിലിലടയ്ക്കപ്പെട്ട കന്യാസ്ത്രീമാരുടെ പേരിൽ എടുത്ത കേസുകൾ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തിൽ ആയിരങ്ങൾ പങ്കെടുത്ത റാലിയിൽ പ്രതിഷേധം അണപൊട്ടി.
ഇരിങ്ങാലക്കുട രൂപതയിലെ 141 ഇടവകളിൽനിന്ന് എത്തിച്ചേർന്ന വിശ്വാസികൾ ചാലക്കുടി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ എത്തിച്ചേർന്നു. തുടർന്നുനടന്ന പ്രതിഷേധറാലി ചാലക്കുടി സെന്റ് മേരീസ് ഫോറോന വികാരി ഫാ. വർഗീസ് പാത്താടനു പതാക കൈമാറി ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഫ്ളാഗ് ഓഫ് ചെയ്തു.
പിന്നീട് ബിഷപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച റാലിയിൽ പേപ്പൽ പതാകയുമേന്തി നൂറുകണക്കിനു പേർ മുദ്രാവാക്യങ്ങൾ മുഴക്കി അണിനിരന്നു. കന്യാസ്ത്രീമാരെ തടവിലാക്കിയ നിശ്ചലദൃശ്യവും പ്രദർശിപ്പിച്ചു. ടൗണ്‍ ചുറ്റിയ പ്രതിഷേധറാലി നോർത്ത് ജംഗ്ഷനിലുള്ള ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു.