ഛത്തീസ്ഗഡിലേത് ഒത്തുകളി ; ഉത്തരവിറങ്ങിയത് ജൂണ്‍ 30ന്
സെബിന് ജോസഫ്
Monday, August 4, 2025 4:39 AM IST
കോട്ടയം: ഛത്തീസ്ഗഡില്‍ സേവനം നടത്തുന്ന ക്രൈസ്തവ പ്രേഷിതരെ മതപരിവര്‍ത്തന നിയമ ലംഘനം ചുമത്തി അറസ്റ്റ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ പദ്ധതിയിട്ടതായി തെളിവുകള്‍.
ജൂണ്‍ 30ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിന്റെ ബലത്തിലാണ് അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എഎസ്എംഐ) സന്യാസിനീ സമൂഹത്തിലെ രണ്ടു സിസ്റ്റര്‍മാരെ അറസ്റ്റ് ചെയ്യുകയും ഒമ്പതു ദിവസം തടവില്‍ വയ്ക്കുകയും ചെയ്തത്. സംസ്ഥാനത്തെ സാമുദായിക ഐക്യത്തിനും സാഹോദര്യത്തിനും ഭീഷണിയുണ്ടാകുമെന്ന മുന്‍വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവു പ്രകാരമാണ് കന്യാസ്ത്രീമാർക്കെതിരേ രാജ്യസുരക്ഷാ നിയമം ചുമത്തിയത്.

സംസ്ഥാനത്തു സാമുദായിക ഐക്യത്തിനും സാഹോദര്യത്തിനും ഭീഷണിയാകുന്നവര്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുക്കും. ജൂലൈ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ കളക്ടര്‍ക്ക് ഈ നിയമം ഉപയോഗിക്കാന്‍ സാധിക്കും.
സാമുദായിക ഐക്യത്തിന് ഭീഷണിയാകുന്നതോ അല്ലെങ്കില്‍ ആകാന്‍ പോകുന്നവയോ ആയതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇതു പൊതുക്രമസമാധാനത്തെയും സംസ്ഥാനത്തിന്റെ സുരക്ഷയെയും ബാധിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടതുണ്ട്. അതിനാല്‍ 1980ലെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള അധികാരങ്ങള്‍ ജൂലൈ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് നല്കുന്നു എന്നാണ് ഉത്തരവ്. ബജ്രംഗ്ദൾ പ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന് ജൂലൈ 25നാണ് ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍നിന്ന് സിസ്റ്റര്‍മാരായ പ്രീതി മേരി (55), വന്ദന ഫ്രാന്‍സിസ് (53) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.
സുഖ്മാന്‍ മാണ്ഡവിയെ എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നാരായണ്‍പുരില്‍നിന്നുള്ള മൂന്നു സ്ത്രീകളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി കടത്താന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി.
അറസ്റ്റിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതോടെയാണ് കന്യാസ്ത്രീമാർക്ക് എന്‍ഐഎ കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചത്.