ഐശ്വര്യ സുനിലിന് ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ്
Tuesday, August 5, 2025 2:36 AM IST
കൊച്ചി: യൂറോപ്യൻ യൂണിയന്റെ പ്രശസ്തമായ ഇറാസ്മസ് മുണ്ടസ് ജോയിന്റ് മാസ്റ്റർ ഡിഗ്രി സ്കോളർഷിപ്പിന് പാലാരിവട്ടം ജനതാ റോഡ് കന്നിപ്പറമ്പിൽ ഐശ്വര്യ സുനിൽ അർഹയായി.
ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് കോഴ്സായ കോസ്റ്റൽ ആൻഡ് മറൈൻ എൻജിനിയറിംഗ് ആൻഡ് മാനേജ്മെന്റ് പ്രോഗ്രാമിലേക്കാണ് ഐശ്വര്യയെ തെരഞ്ഞെടുത്തത്. ഇതുവഴി നാല് പ്രമുഖ യൂറോപ്യൻ സ്ഥാപനങ്ങളിൽ പഠിക്കാനുള്ള അവസരമാണു ലഭിച്ചത്.
പഠനം, ജീവിതച്ചെലവ്, യാത്ര, ആരോഗ്യ ഇൻഷ്വറൻസ് എന്നിവയ്ക്ക് പൂർണധനസഹായം ലഭിക്കുന്നതിനൊപ്പം പ്രതിമാസം സ്റ്റൈപ്പൻഡായി 1400 യൂറോ ലഭിക്കും. എറണാകുളം സെന്റ് തെരേസാസ് കോളജിൽനിന്നു ഭൗതികശാസ്ത്രത്തിൽ ബിഎസ്സി പാസായ ഐശ്വര്യ ഓസ്ട്രേലിയയിലെ കർട്ടിൻ യൂണിവേഴ്സിറ്റിയിൽനിന്നു ജിയോ സ്പെഷൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
കുറവിലങ്ങാട് ദേവമാതാ കോളജ് അസോ. പ്രഫസർ ഡോ. സുനിൽ ജോസിന്റെയും കോതാട് എച്ച്എസ്എസ് ഓഫ് ജീസസിലെ ഹയർ സെക്കൻഡറി വിഭാഗം അധ്യാപിക അനില എക്സ്. പനയ്ക്കലിന്റെയും മകളാണ്.