ആരോഗ്യമന്ത്രി പൊതുസമൂഹത്തോടു മാപ്പു പറയണം: വി.ഡി. സതീശൻ
Tuesday, August 5, 2025 2:36 AM IST
തിരുവനന്തപുരം: ഡോ. ഹാരിസിനെ മോഷണക്കേസിൽ പെടുത്താൻ ശ്രമിച്ചതിന് ആരോഗ്യമന്ത്രി പൊതുസമൂഹത്തോടു മാപ്പു പറയണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
നവീൻ ബാബുവിനോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പെരുമാറിയതു പോലെയാണ് ആരോഗ്യമന്ത്രി ഡോ. ഹാരിസിനോട് പെരുമാറുന്നത്. ഹാരിസിനെ കുറ്റക്കാരനാക്കാനുള്ള ശ്രമത്തിൽ നിന്നും ആരോഗ്യമന്ത്രി പിൻമാറണം.
ടിപി വധക്കേസിലെ ക്രിമിനലുകൾക്കു പോലീസ് നൽകുന്ന പരിഗണനയിലൂടെ ഈ സർക്കാരിന്റെ മുൻഗണനയിൽ ആരൊക്കെയാണ് ഉള്ളതെന്നു വ്യക്തമായി. ആശാ വർക്കാർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്പോൾ അവരോട് പുച്ഛത്തോടെ പെരുമാറുകയും അപമാനിക്കുകയുമാണ് മന്ത്രിമാർ ചെയ്തത്.
എന്നാൽ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയവരെ കോടതിയിൽ ഹാജരാക്കി തിരിച്ച് കൊണ്ടുവരുന്നതിനിടെ മദ്യസത്കാരം ഉൾപ്പെടെയുള്ള എല്ലാ സൗകര്യവും നൽകിയ പോലീസാണ് കേരളം ഭരിക്കുന്നത്. ജയിലിലും ഇതുതന്നെയാണ് അവസ്ഥ.
ജയിലിൽ ഫൈവ്സ്റ്റാർ സൗകര്യങ്ങളാണ്. ചോദിക്കുന്ന ഭക്ഷണവും ഏറ്റവും പുതിയ ഫോണുമാണ് നൽകിയിരിക്കുന്നത്. അടൂർ ഗോപാലകൃഷ്ണന്റെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു എന്നും സതീശൻ അഭിപ്രായപ്പെട്ടു.