നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു; രണ്ടു തൊഴിലാളികള്‍ മരിച്ചു
Tuesday, August 5, 2025 2:36 AM IST
ആലപ്പുഴ (മാവേലിക്കര): നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് അച്ചന്‍കോവിലാറ്റിലേക്കു പതിച്ച് രണ്ടു പേര് മരിച്ചു. അഞ്ചുപേര്‍ രക്ഷപ്പെട്ടു. ചെട്ടികുളങ്ങര ഒന്നാം വാര്‍ഡ് കീച്ചേരിക്കടവ് പാലത്തിന്റെ ഗര്‍ഡര്‍ തകര്‍ന്നാണ് അപകടമുണ്ടായത്.
കല്ലുമല അക്ഷയ് ഭവനത്തില്‍ രാഘവ് കാര്‍ത്തിക് (24), തൃക്കുന്നപ്പുഴ കിഴക്കുവടക്ക് മുറിയില്‍ മണികണ്ഠന് ചിറയില്‍ ബിനുഭവനത്തില്‍ ബിനു(42) എന്നിവരാണ് മരിച്ചത്. ഒഴുക്കില്‍പെട്ട ഇവരെ രക്ഷപ്പെടുത്താനായി ആറ്റിലേക്കു ചാടിയ ബിനുവിന്റെ സഹോദരന് ബിജുവിനെ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി.
ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. നിര്‍മാണം നടന്നു കൊണ്ടിരുന്ന കീച്ചേരിക്കടവ് പാലത്തിന്റെ രണ്ടു ഗര്‍ഡറുകളില്‍ ഒന്നിന്റെ കോണ്‍ക്രീറ്റിംഗ് നടക്കുകയായിരുന്നു. കോണ്‍ക്രീറ്റ് ഇട്ടുകൊണ്ടിരിക്കേ നിര്‍മാണത്തൊഴിലാളികള്‍ വലിയ ശബ്ദം കേട്ടു. ഈ സമയം ഏഴ് തൊഴിലാളികള്‍ ഗര്‍ഡര്‍ കോണ്‍ക്രീറ്റിംഗ് ജോലിയിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു.
എന്താണ് ശബ്ദത്തിനുള്ള കാരണമെന്നറിയാന്‍ രാഘവ് താഴേക്ക് ഇറങ്ങി. ഗര്‍ഡര്‍ കോണ്ക്രീറ്റിംഗിനുള്ള ട്രസിന്റെ നട്ട് പൊട്ടിയതായി മനസിലായതിനെ തുടര്‍ന്ന് മറ്റൊരു നട്ട് ഘടിപ്പിക്കുന്നതിനിടെ ട്രസും കോണ്‍ക്രീറ്റും ഉള്‍പ്പെടെ തൊഴിലാളികൾ ആറ്റിലേക്കു പതിക്കുകയായിരുന്നു.ആറ്റിലേക്കു തെറിച്ചുവീണ ഏഴുപേരില്‍ അഞ്ചുപേരും നീന്തിക്കയറി.
എന്നാല്‍ രാഘവ് കാര്‍ത്തിക്കും ബിനുവും ഒഴുക്കില്‍ പെടുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട ബിനുവിന്റെ സഹോദരൻ ബിജു ഇരുവരെയും രക്ഷപ്പെടുത്താനായി ആറ്റിലേക്കു ചാടി. രാഘവിന്റെ കൈയില്‍ പിടിത്തം കിട്ടിയെങ്കിലും നീന്തിത്തളര്‍ന്ന ബിജു കയര്‍ ആവശ്യപ്പെട്ടു. സമീപത്തെ നിര്‍മാണ തൊഴിലാളികള്‍ കയര്‍ കൊടുത്തപ്പോഴേക്കും ബിജുവിന്റെ കൈയില്‍ നിന്നു രാഘവ് വഴുതിപ്പോകുകയായിരുന്നു.
കാര്ത്തികേയന് -ഗീത ദമ്പതികളുടെ മകനാണ് രാഘവ് കാര്‍ത്തിക്. ഭാര്യ: ആതിര. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ചു മാസമേ ആയിട്ടുള്ളൂ. ഗോപി-അംബുജാക്ഷി ദമ്പതികളുടെ മകനാണ് ബിനു. ഷാജി (ദുബായ്), ബിജു എന്നിവരാണ് സഹോദരങ്ങള്‍. ബിനു അവിവാഹിതനാണ്.