വിവാദങ്ങൾക്കിടെ ടി.പി. കേസിലെ മറ്റൊരു പ്രതികൂടി പരോളിൽ
Tuesday, August 5, 2025 2:36 AM IST
കണ്ണൂർ: വിവാദങ്ങൾക്കിടെ ടി.പി. കേസിലെ മറ്റൊരു പ്രതിയും കൂടി പരോളിൽ പുറത്തിറങ്ങി. ഒന്നാം പ്രതിയായ ടി.കെ. രജീഷാണു പരോളിലിറങ്ങിയത്. എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥയിലാണു പരോൾ. പരോൾ വ്യവസ്ഥ ലംഘിച്ചതിനു ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ പരോൾ റദ്ദാക്കി കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചിരുന്നു.
പരോൾ കാലയളവിൽ വയനാട് മീനങ്ങാടി പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചതിനും കോടതി നിർദേശിച്ച സ്ഥലത്ത് താമസിക്കാത്തതിനുമാണ് ഇയാളുടെ പരോൾ റദ്ദാക്കിയത്. കൂടാതെ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ പോലീസിന്റെ സാന്നിധ്യത്തിൽ ഹോട്ടലിൽ മദ്യപിച്ച സംഭവും വിവാദമായിരുന്നു. ഇതിനിടെ, ആറാംപ്രതി എസ്. സിജിത്ത് എന്ന അണ്ണൻ സിജിത്തിന്റെ പരോൾ ആവശ്യം കോടതി നിഷേധിച്ചിരുന്നു.
കൊടി സുനി ഉൾപ്പെടെ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ കൈവിലങ്ങ് വയ്ക്കാനും എസ്കോർട്ടിനു മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിക്കാനും തീരുമാനമായി. മാഹി ഇരട്ടക്കൊലക്കേസിൽ വിചാരണ പൂർത്തിയാകാനുള്ളതിനാൽ കൊടി സുനി അടക്കമുള്ള പ്രതികളെ വീണ്ടും തലശേരി കോടതിയിൽ ഹാജരാക്കേണ്ടി വരും.
സിപിഒമാർക്കു പകരം ഉയർന്ന റാങ്കുള്ള ഉദ്യോഗസ്ഥരെ എസ്കോർട്ടിനു നിയോഗിക്കാനാണു പുതിയ തീരുമാനം.
സാധാരണ കോടതിയിൽ കൊണ്ടുപോകുന്പോൾ കൈവിലങ്ങ് വയ്ക്കാറില്ല. കൊടി സുനിക്കും സംഘത്തിനും ഇനി ആ ഇളവുണ്ടാകില്ല.