അധ്യാപികയുടെ ശന്പളം തടഞ്ഞു, ഭര്‍ത്താവ് ജീവനൊടുക്കി; ജീവനക്കാര്‍ക്ക് സസ്പെന്ഷന്
Tuesday, August 5, 2025 2:36 AM IST
പത്തനംതിട്ട: 13 വര്‍ഷം മുമ്പ് ജോലിക്കു കയറിയ അധ്യാപികയുടെ ശമ്പളം കോടതി ഉത്തരവുണ്ടായിട്ടും തടഞ്ഞുവച്ച് വിദ്യാഭ്യാസ വകുപ്പ്, അധ്യാപികയുടെ ഭർത്താവ് ജീവനൊടുക്കിയ സംഭവത്തോടെ വെട്ടിലായി.
റാന്നി അത്തിക്കയം വടക്കേച്ചരുവില്‍ വി.ടി. ഷിജോയെയാണ് (46) കഴിഞ്ഞ ഞായറാഴ്ച രാത്രി വീടിന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള വനമേഖലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷിജോയുടെ ഭാര്യ ലേഖ രവീന്ദ്രന് നാറാണംമൂഴി സെന്റ് ജോസഫ് സ്കൂളിലെ അധ്യാപികയാണ്.
ഭാര്യയുടെ ശമ്പളത്തിനുവേണ്ടി ഏറെ നിയമയുദ്ധം നടത്തിയ ഷിജോ ഒടുവില്‍ ഹൈക്കോടതിയില്‍നിന്ന് അനുകൂല ഉത്തരവും സമ്പാദിച്ചിരുന്നു. എന്നാല്‍ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലാ ഓഫീസില്‍ നിന്ന് തുടര്‍ നടപടികളുണ്ടായില്ല. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് നല്കിയ നിര്‍ദേശപ്രകാരം കഴിഞ്ഞ രണ്ടുമാസത്തെ ശമ്പളം ലഭിച്ചു. ജോലിക്കു കയറിയ അടിസ്ഥാന ശമ്പളം അടിസ്ഥാനമാക്കിയാണ് രണ്ട് മാസത്തെ ബില്ല് പാസാക്കി നല്‍കിയത്.
13 വര്‍ഷമായി ലഭിക്കേണ്ട ശമ്പളത്തിന്റെ ബില്ല് എഴുതി സമര്‍പ്പിച്ചിട്ട് ഏഴു മാസം പിന്നിട്ടെങ്കിലും ഇത് പാസാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസ് തയാറായില്ല. ഇതോടെ കുടുംബം സാമ്പത്തികമായി തകര്‍ന്നു. കൃഷിവകുപ്പിനു കീഴിലുള്ള വിഎഫ്പിസികെയില്‍ ഫീല്‍ഡ് അസിസ്റ്റന്റായി ജോലി നോക്കിയിരുന്ന ഷിജോയുടെ ശമ്പളവും രണ്ടു മാസത്തെ കുടിശികയുണ്ട്.
മകന്റെ എന്‍ജിനിയറിംഗ് പഠനവുമായി ബന്ധപ്പെട്ട് പണം ആവശ്യമായി വന്നതോടെ പ്രതിസന്ധി രൂക്ഷമായി. 2012ല്‍ ഇതേ സ്കൂളിലെ ഒരു അധ്യാപകന് ജോലി രാജിവച്ചതിനേ തുടര്‍ന്നാണ് ലേഖ യുപി വിഭാഗം അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചത്.
രാജിയുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങള്‍ മാനേജ്മെന്റുമായി ഉണ്ടായപ്പോള്‍ ലേഖയുടെ തസ്തിക അംഗീകരിച്ചു നല്കാന് വിദ്യാഭ്യാസ വകുപ്പ് തയാറായില്ല. ലേഖയുടെ ശമ്പള ബില്ലുകള്‍ ഇതോടെ നിയമക്കുരുക്കില്‍ പെട്ടു.
കോടതിയുടെ കര്‍ശനമായ ഇടപെടലിനെ തുടര്‍ന്ന് നിയമനാംഗീകാരം നല്‍കിയെങ്കിലും 2012 ജൂലൈ മുതലുള്ള ശമ്പള കുടിശികയ്ക്കായി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. സാമ്പത്തിക പ്രതിസന്ധി അദ്ദേഹം പലരോടും സൂചിപ്പിച്ചിരുന്നതായി പറയുന്നു.
സാമ്പത്തിക പ്രതിസന്ധി കാരണം ഷിജോ കുറച്ചു ദിവസങ്ങളായി ദുഃഖിതനായിരുന്നുവെന്നാണ് പിതാവ് ത്യാഗരാജന് പറയുന്നത്. ഇതിനിടെയാണ് എല്ലാവരെയും ഞെട്ടിച്ച് ജീവനൊടുക്കിയത്. സംസ്കാരം നാളെ മൂന്നിന് വീട്ടുവളപ്പില്‍. മകന്: വൈഷ്ണവ്.
മൂന്ന് ജീവനക്കാര്‍ക്ക് സസ്പെന്ഷന്
വര്‍ഷങ്ങളായുള്ള ശമ്പളം മുടങ്ങിയ അധ്യപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട വിദ്യാഭ്യാസ ജില്ല ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥരെ അന്വേഷവിധേയമായി സസ്പെന്‍ഡ് ചെയ്തു. ഓഫീസ് പിഎ എന്‍.ജി. അനില്‍ കുമാര്‍, സൂപ്രണ്ട് എസ്. ഫിറോസ്, സെക്ഷന്‍ ക്ലാര്‍ക്ക് ആര്. ബിനി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
പ്രധാനാധ്യാപികയ്ക്കെതിരേ നടപടിയെടുക്കാന്‍ നിര്‍ദേശം
അധ്യാപിക ലേഖയുടെ ശമ്പളം മുടങ്ങിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡിഇ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതിനൊപ്പം സ്കൂള്‍ പ്രഥമാധ്യാപികയെയും സസ്പെന്‍ഡ് ചെയ്യാന്‍ മാനേജ്മെന്റിനു സര്‍ക്കാര്‍ നിര്‍ദേശം നല്കി. ശമ്പള ബില്ലുകള്‍ മാറാനുള്ള തീരുമാനം ഉണ്ടായിട്ടും ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയെന്ന പേരിലാണ് നിര്‍ദേശം.
മന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടും രക്ഷയില്ല
അധ്യാപികയുടെ നിയമനം അംഗീകരിച്ച് ഹൈക്കോടതി സിംഗിള്‍ ബെഞ്ചും പിന്നാലെ ഡിവിഷന് ബെഞ്ചും ഉത്തരവ് നല്‍കിയിട്ടും അതംഗീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ തയാറാകാതെ വന്നതോടെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ കുടുംബം സമീപിച്ചിരുന്നു. ഇക്കാര്യം ഇന്നലെ മന്ത്രിയും സ്ഥിരീകരിച്ചു.
നിയമനം അംഗീകരിച്ചുനല്‍കാന്‍ മന്ത്രിയുടെ ഓഫീസ് ഉത്തരവിട്ടെങ്കിലും തികച്ചും ധാര്‍ഷ്ട്യപരമായ നിലപാടാണ് ചിലര്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്ന് ഷിജോയുടെ അച്ഛന് ത്യാഗരാജന് പറഞ്ഞു. സ്കൂള്‍ മാനേജ്മെന്റും ലേഖയുടെ ശമ്പളകുടിശിക ലഭിക്കാന്‍ ഇടപെട്ടിരുന്നു. 13 വര്‍ഷത്തെ ബില്ലുകളും പ്രത്യേകമായി ആളെ നിയമിച്ചാണ് എഴുതിനല്‍കിയതെന്ന് മാനേജര്‍ ജോര്‍ജ് ജോസഫ് പറഞ്ഞു.