ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; ഉദ്യോഗസ്ഥർക്കു നോട്ടീസ് അയയ്ക്കാൻ ലോകായുക്ത ഉത്തരവ്
Tuesday, August 5, 2025 2:36 AM IST
കളമശേരി: അടുത്തിടെ ജയിൽ ചാടുകയും പിന്നീട് പിടിയിലാകുകയും ചെയ്ത കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമിയ്ക്കും ഉന്നത ഉദ്യോഗസ്ഥർക്കും നോട്ടീസ് അയയ്ക്കാനും ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ച് ജയിൽ ഡിജിപി വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ലോകായുക്ത ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു.
ഗോവിന്ദച്ചാമിയെയും ഉന്നത ഉദ്യോഗസ്ഥരെയും പ്രതികളാക്കി കേരള ലോകായുക്തയിൽ പൊതുപ്രവർത്തകൻ പായ്ചിറ നവാസ് നൽകിയ ഹർജിയിൽ വാദം കേട്ട ജഡ്ജിമാരായ അനിൽകുമാർ, അശോക് മേനോൻ എന്നിവരടങ്ങിയ ലോകായുക്ത ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.
ഗോവിന്ദച്ചാമിക്കു പുറമെ, സംസ്ഥാന ജയിൽ വകുപ്പ് മേധാവി, വി. ജയകുമാർ (ജയിൽ ഡിഐജി നോർത്ത് സോൺ), കെ. വേണു (കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട്), അഡീഷണൽ ചീഫ് സെക്രട്ടറി ആഭ്യന്തര വകുപ്പ് എന്നിവർക്കാണ് നോട്ടീസ് അയയ്ക്കാൻ നിർദേശിച്ചത്.
സെപ്റ്റംബർ 20ന് മുമ്പായി നോട്ടീസുകൾക്കുള്ള മറുപടിയും വിശദമായ റിപ്പോർട്ടും ഹാജരാക്കണമെന്നും ഉത്തരവിലുണ്ട്.