വിവാദ പരാമർശം: ഡോ. ഹാരിസിനെ സ്ഥലം മാറ്റിയേക്കും
Tuesday, August 5, 2025 2:36 AM IST
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ശസ്ത്രക്രിയകൾ മുടങ്ങുന്നുവെന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ വിവാദത്തിൽ സർക്കാരും കുരുക്കിൽ.
ഹാരിസിനെതിരേ വകുപ്പുതല നടപടിയെങ്കിലും വേണമെന്ന നിലപാടിലാണു സർക്കാർ. ഹാരിസ് ഉന്നയിച്ച ആക്ഷേപങ്ങളെല്ലാം ശരിവയ്ക്കുന്നതരത്തിലുള്ള റിപ്പോർട്ടായിരുന്നു വിദഗ്ധ സമിതി നൽകിയത്. ഇതു സർക്കാരിനും ആരോഗ്യവകുപ്പിനും വലിയ തിരിച്ചടിയായിരുന്നു.
ശസ്ത്രക്രിയാ ഉപകരണത്തിന്റെ ഒരു ഭാഗം കാണുന്നില്ലെന്ന മന്ത്രി വീണാ ജോർജിന്റെ പരാമർശം വലിയ വിവാദമായിരുന്നു. ഡോ. ഹാരിസിനെ മോഷ്ടാവാക്കിയെന്ന ആക്ഷേപവും ഇതിലൂടെ മന്ത്രിക്കു നേരിടേണ്ടിവന്നു.
ഹാരിസ് ഫെയ്സ് ബുക്കിൽ പറഞ്ഞതുപോലെ ലിത്തോകൽസ്റ്റ് പ്രോബ് പൊട്ടിപ്പോയതിനാൽ ശസ്ത്രക്രിയ മുടങ്ങിയെന്നു വിദഗ്ധസമിതി റിപ്പോർട്ടിൽ പറയുന്നു. ഒരു ശസ്ത്രക്രിയ മാറ്റിവച്ചു. രണ്ടെണ്ണം മുടങ്ങി.
ഒരാളിൽ നിന്നു നാലായിരം രൂപ വീതം പിരിവിട്ട് ഉപകരണം വാങ്ങിയെന്നും രോഗികൾ മൊഴി നൽകി. ഹാരിസിന്റെ വെളിപ്പെടുത്തൽ ശരിയല്ലെന്നും ആരോപണം ഉന്നയിച്ച അന്നു ശസ്ത്രക്രിയ നടന്നുവെന്നുമുള്ള മന്ത്രിയുടെ വാദവും പൊളിഞ്ഞു.
ആശുപത്രിയിൽ ഉപകരണങ്ങൾ വാങ്ങുന്നതിൽ കാലതമാസമുണ്ടെന്നു വിദഗ്ധസമിതി വിലയിരുത്തി.
ഉപകരണങ്ങൾ വാങ്ങുന്നതിലെ കാലതാമസം അടിയന്തരമായി ഒഴിവാക്കണം, രോഗികളിൽ നിന്നു പണം പിരിച്ച് ഉപകരണങ്ങൾ വാങ്ങുന്ന രീതി അവസാനിപ്പിക്കണമെന്നടക്കമുള്ള നിർദേശങ്ങളും വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഡോക്ടർ ഹാരിസിനെ സ്ഥലംമാറ്റിക്കൊണ്ടു വിവാദം അവസാനിപ്പിക്കാനാണ് ഇപ്പോൾ സർക്കാർതലത്തിൽ ആലോചന നടക്കുന്നത്. ഹാരിസിനെതിരേ നടപടിയെടുത്താൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതികരിച്ചിട്ടുണ്ട്.