“കേരളയില്‍ നടക്കുന്നത് വാശിതീര്‍ക്കൽ”; വിസിയുടെ ഉത്തരവുകള്‍ റദ്ദാക്കണമെന്ന ഹര്‍ജിയിൽ ഹൈക്കോടതി
Tuesday, August 5, 2025 2:36 AM IST
കൊച്ചി: ഇരുകൂട്ടരും തമ്മിലുള്ള വാശിതീര്ക്കലാണു കേരള സര്‍വകലാശാലയില്‍ നടക്കുന്നതെന്ന് ഹൈക്കോടതി. ഇത്തരം സംഭവങ്ങള്‍ ഒരു സര്‍വകലാശാലയ്ക്കും ഭൂഷണമല്ല. വിദ്യാര്‍ഥികളുടെ ഭാവിയെ ഇതു ബാധിക്കും. വിദ്യാര്‍ഥികള്‍ക്കു മാതൃകയാകേണ്ടവരാണ് ഈ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതെന്നും ജസ്റ്റീസ് ടി.ആര്. രവി പറഞ്ഞു.
സര്‍വകലാശാലാ കാമ്പസില്‍ പ്രവേശിക്കരുതെന്നതടക്കമുള്ള വൈസ് ചാന്‍സലറുടെ ഉത്തരവുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ നല്കിയ ഹര്‍ജിയാണു പരിഗണിച്ചത്.
രജിസ്ട്രാറുടെ നിയമനാധികാരി സിന്ഡിക്കറ്റായതിനാല് സസ്പെന്‍ഡ് ചെയ്യാനുള്ള അധികാരവും സിന്ഡിക്കറ്റിനാണെന്നായിരുന്നു രജിസ്ട്രാറുടെ വാദം. സിന്‍ഡിക്കറ്റ് നിര്‍ദേശങ്ങള്‍ വിസി പാലിക്കണം. ഇല്ലെങ്കില്‍ സര്‍വകലാശാല പ്രതിസന്ധിയിലാകും. തന്റെ ഓഫീസിന്റെ താക്കോല്‍പോലും വിസി കൊണ്ടുപോയെന്നും രജിസ്ട്രാര്‍ ചൂണ്ടിക്കാട്ടി.
അനിവാര്യഘട്ടത്തില്‍ വിസി സിന്‍ഡിക്കറ്റിന്റെ അധികാരം ഉപയോഗിച്ചു സസ്പെന്ഷന്നടപടികള് സ്വീകരിച്ചാലും തൊട്ടടുത്ത സിന്‍ഡിക്കറ്റ് യോഗത്തില്‍ വിഷയം റിപ്പോര്‍ട്ട് ചെയ്തു സിന്‍ഡിക്കറ്റിന്റെ അനുമതി തേടണമെന്നാണു ചട്ടമെന്നും രജിസ്ട്രാര്‍ വ്യക്തമാക്കി.
എന്നാൽ രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ അധികാരമുണ്ടെന്നായിരുന്നു വിസിയുടെ അഭിഭാഷകയുടെ വാദം. വിസിയാണു സര്‍വകലാശാലയുടെ മേധാവിയെന്നും വ്യക്തമാക്കി. എന്നാല്‍ സിന്‍ഡിക്കറ്റ് പുനഃസ്ഥാപിച്ചശേഷം പിന്നെ ഏതു വകുപ്പ് പ്രകാരമുള്ള അധികാരമാണു വിസി ഉപയോഗിക്കുന്നതെന്നും കോടതി ചോദിച്ചു.
സിന്‍ഡിക്കറ്റിന്റെ മുകളിലാണോ വിസിയെന്നും കോടതി ആരാഞ്ഞു. അടിയന്തര സാഹചര്യങ്ങളില്‍ രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ വിസിക്ക് കഴിയുമെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതു സിന്‍ഡിക്കറ്റ് അല്ലേയെന്നും കോടതി ചോദിച്ചു.
സിന്‍ഡിക്കറ്റിന്റെ പ്രത്യേക യോഗം ചേര്‍ന്നെങ്കിലും സസ്പെന്ഷന് വിഷയം അജൻഡയിലുണ്ടായിരുന്നില്ലെന്നു വിസി വ്യക്തമാക്കി. വിസി പോയശേഷം ചില സിന്‍ഡിക്കറ്റംഗങ്ങള്‍ കൂടിയിരുന്ന് സസ്പെന്ഷന് പിന്‍വലിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
എന്നാല്‍, സസ്പെന്‍ഷനുശേഷം ചേരുന്ന തൊട്ടടുത്ത യോഗത്തില്‍ വിഷയം അനുമതിക്കായി റിപ്പോര്‍ട്ട് ചെയ്യണമെന്നല്ലേ ചട്ടമെന്നു കോടതി ചോദിച്ചു. 23ല്‍ 19 സിന്‍ഡിക്കറ്റംഗങ്ങളും സസ്പെന്ഷന് പിന്‍വലിച്ച യോഗത്തില്‍ സംബന്ധിച്ചിരുന്നതായി രജിസ്ട്രാറും വ്യക്തമാക്കി.
എന്നാല്‍, ഇതേത്തുടർന്നു പുറപ്പെടുവിച്ച ഉത്തരവില്‍ നമ്പര്‍ ഇല്ലെന്നും പദവി സ്വീകരിക്കേണ്ടവരുടെയും വിട്ടൊഴിയേണ്ടവരുടെയും പേരുകള്‍ തമ്മില്‍ പരസ്പരം മാറ്റിയാണു രേപ്പെടുത്തിയിട്ടുള്ളതെന്നും വിസിയുടെ അഭിഭാഷക ചൂണ്ടിക്കാട്ടി.
രേഖാമൂലമുള്ള വിശദീകരണത്തിന് വിസി സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി നാളെ പരിഗണിക്കാന്‍ മാറ്റി.