കുട്ടനാട്ടുകാര്‍ക്ക് ധനസഹായം; അര്‍ഹരെ കണ്ടെത്തുന്നതില്‍ സുതാര്യത ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി
Tuesday, August 5, 2025 2:36 AM IST
കൊച്ചി: ദുരിതബാധിതരായ കുട്ടനാട്ടുകാര്‍ക്ക് പ്രഖ്യാപിച്ച ധനസഹായത്തിനായി അര്‍ഹരെ കണ്ടെത്തുന്നതില്‍ സുതാര്യത ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി.
2020ലെ പ്രളയവും കോവിഡും നേരിടേണ്ടിവന്ന കുട്ടനാട്ടിലെ 43,538 കുടുംബങ്ങളില്‍നിന്നു അര്‍ഹരെ തെരഞ്ഞെടുക്കാന്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളോ നിയന്ത്രണമോ ഇല്ലാത്തതു പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. പൊതുപ്രവര്‍ത്തകനും ചലച്ചിത്ര നടനുമായ കുട്ടനാട് സ്വദേശി ജെയ്സപ്പന്‍ മത്തായി നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.
ഹൈക്കോടതി നേരത്തേ പുറപ്പെടുവിച്ച ഉത്തരവിനെത്തുടര്‍ന്നാണു സര്‍ക്കാര്‍ 3,800 രൂപവീതം ധനസഹായം അനുവദിച്ചത്. 3,232 കുടുംബങ്ങള്‍ക്കാണ് ഇതിന് അര്‍ഹതയുള്ളത്. 1.22 കോടി രൂപയാണ് ഇതിനു വേണ്ടിവരുന്നത്.
വില്ലേജ് ഓഫീസറെയും പഞ്ചായത്ത്തല ദുരന്ത മാനേജ്മെന്റ് കമ്മിറ്റിയെയുമാണ് അര്‍ഹരെ കണ്ടെത്താനായി നിലവില്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.