ഹര്ജിക്കാരന് നിയമപരമായി ഭര്ത്താവല്ലെന്നു യുവതി; ഹർജി തള്ളി
Tuesday, August 5, 2025 2:36 AM IST
കൊച്ചി: തന്റെ ഭാര്യയെ മണ്ണുത്തി സ്വദേശി തടവിലാക്കിയെന്നാരോപിച്ച് കോടതിയെ സമീപിച്ച് തമിഴ്നാട് വൈദ്യുതി ബോര്‍ഡ് റിട്ട. ഉദ്യോഗസ്ഥന്. എന്നാൽ ഹർജിക്കാരൻ നിയമപരമായി ഭര്ത്താവല്ലെന്നു യുവതി അറിയിച്ചതോടെ ഹര്‍ജി ഹൈക്കോടതി തള്ളി.
ഗ്വാളിയര്‍ സ്വദേശിയായ ശ്രദ്ധ ലെനിനെ മണ്ണുത്തി സ്വദേശി ജോസഫ് സ്റ്റീവന്‍ തടങ്കലില്‍ വച്ചിരിക്കുന്നതായി ആരോപിച്ചായിരുന്നു ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയത്.
ഹര്‍ജി പരിഗണനയ്ക്കെത്തിയപ്പോള്‍ എത്രയും വേഗം യുവതിയെ കണ്ടെത്താന്‍ പോലീസിനു കോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് യുവതി ഇന്നലെ ഹൈക്കോടതിയിലെത്തി മൊഴി നല്‍കിയത്.
ഹര്ജിക്കാരന് നിയമപരമായി തന്നെ വിവാഹം ചെയ്തിട്ടില്ലെന്നും സൗഹൃദമാണുണ്ടായിരുന്നതെന്നും യുവതി പറഞ്ഞു. ഇതു തുടരാന്‍ താത്പര്യമില്ലെന്നും തന്നെ ആരും തടഞ്ഞുവച്ചിട്ടില്ലെന്നും സ്വമേധയാ വീടു വിട്ടിറങ്ങിയതാണെന്നും പറഞ്ഞു.
തന്റെ രണ്ടു കോടി രൂപ യുവതിയും കൂട്ടരും തട്ടിയെടുത്തെന്നും ഇതു തിരികെ കിട്ടണമെന്നും ഹര്ജിക്കാരൻ ആവശ്യപ്പെട്ടെങ്കിലും സ്വമേധയാ പണം നല്‍കിയതാണെന്നായിരുന്നു യുവതിയുടെ നിലപാട്. തുടര്‍ന്നാണു ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, എം.ബി. സ്നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി തള്ളിയത്.
ഭാര്യ ഇടയ്ക്കിടെ കേരളത്തില്‍ വരാറുണ്ടെന്നും കുടുംബസുഹൃത്തായ ജോസഫിനൊപ്പമാണു താമസിക്കാറെന്നും ഹര്ജിക്കാരന് പറഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ കൊച്ചിയില്‍ വച്ചാണു ഭാര്യയെ അവസാനം കണ്ടത്. മേയ് 17ന് വാട്സാപ് ചാറ്റുകളും നിലച്ചു.
ജൂണ്‍ ആദ്യം അഭിഭാഷകനെന്നു പരിചയപ്പെടുത്തിയ ജി.എം. റാവു ഫോണില്‍ ബന്ധപ്പെട്ട് ഹര്‍ജിക്കാരന്റെ ഭാര്യ മരിച്ചുവെന്ന് അറിയിച്ചു. ഏതോ സംസ്കാരച്ചടങ്ങിന്റെ ദൃശ്യങ്ങളും അയച്ചുകൊടുത്തു.
ശ്രദ്ധയുടെ പേരിലുള്ള രണ്ടരക്കോടിയുടെ സ്വത്തുവില്ക്കുന്നതിനു തന്നെ ചുമതലപ്പെടുത്തിയതായും പറഞ്ഞുവെന്നും ഹര്ജിക്കാരന് ആരോപിച്ചു. എന്നാല്‍ ഹര്ജിക്കാരനില്നിന്നു ബ്ലാക്ക് മെയിലിംഗ് ഉണ്ടായതോടെ ബന്ധത്തില്‍നിന്ന് ഒഴിവാകാനായാണു താന്‍ മരിച്ചെന്ന സന്ദേശവും സംസ്കാരദൃശ്യങ്ങളും മറ്റും ഫോണ്‍ നമ്പറുകളില്‍നിന്ന് അയച്ചുകൊടുത്തതെന്നാണു യുവതി കോടതിയില്‍ പറഞ്ഞത്.