എം. മുകുന്ദനും ഒറവങ്കരയ്ക്കും വൈദ്യരത്നം ആത്മമിത്ര പുരസ്കാരം
Tuesday, August 5, 2025 2:36 AM IST
തൃശൂർ: അഷ്ടവൈദ്യൻ പദ്മഭൂഷൺ ഇ.ടി. നാരായണൻമൂസിന്റെ ഓർമയ്ക്കായി വൈദ്യരത്നം ഗ്രൂപ്പ് ഏർപ്പെടുത്തിയ ആത്മമിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാഹിത്യരംഗത്ത് എം. മുകുന്ദനും വേദശാസ്ത്രരംഗത്ത് ഒറവങ്കര ദാമോദരൻ നമ്പൂതിരിക്കുമാണു പുരസ്കാരം.
ഒരുലക്ഷം രൂപയും പ്രശസ്തിഫലകവുമടങ്ങുന്ന പുരസ്കാരം നാരായണൻ മൂസിന്റെ അഞ്ചാംചരമദിനമായ ഇന്നു രാവിലെ 10.30ന് ഒല്ലൂർ ശ്രീപാർവതി ഓഡിറ്റോറിയത്തിൽ നടക്കുന്ന വൈദ്യരത്നം മെന്റേഴ്സ് ദിനാചരണത്തിൽ സമ്മാനിക്കുമെന്നു വൈദ്യരത്നം എ്സിക്യൂട്ടീവ് ഡയറക്ടർമാരായ ഡോ. ഇ.ടി. യദുനാരായണൻ മൂസ്, ഡോ. ഇ.ടി. കൃഷ്ണൻ മൂസ്, മാർക്കറ്റിംഗ് മേധാവി ജോസ് ഡാളപ്പൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
എടക്കുന്നി ശ്രീ പാർവതി ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണസമ്മേളനം രാവിലെ 10.30ന് ഗോവ മുൻ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. വൈദ്യരത്നം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അഷ്ടവൈദ്യൻ ഡോ. ഇ.ടി. നീലകണ്ഠൻ മൂസ് അധ്യക്ഷനാകും. സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ അനുസ്മരണപ്രഭാഷണവും പെരുവനം കുട്ടൻമാരാർ മുഖ്യപ്രഭാഷണവും നടത്തും.
വൈദ്യരത്നം ഗ്രൂപ്പിന്റെ സിഎസ്ആർ സംരംഭമായ ഗൃഹസ്ഥം പദ്ധതി കല്യാൺ സിൽക്സ് ചെയർമാൻ പട്ടാഭിരാമൻ ഉദ്ഘാടനം ചെയ്യും. നിരൂപകൻ ഡോ. എൻ.പി. വിജയകൃഷ്ണൻ പുരസ്കാരജേതാക്കളെ പരിചയപ്പെടുത്തും.
വൈദ്യരത്നം ഔഷധശാലയുടെ ടെക്നിക്കൽ അഡ്വൈസർ എ.പി.ഡി. നമ്പീശൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഇ.ടി. യദു നാരായണൻ മൂസ്, ഡോ. ഇ.ടി. കൃഷ്ണൻ മൂസ് എന്നിവർ പ്രസംഗിക്കും.