നിയന്ത്രണംവിട്ട കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു
Tuesday, August 5, 2025 2:36 AM IST
കടുത്തുരുത്തി: നിയന്ത്രണംവിട്ട കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. കാരിക്കോട് ഐശ്വര്യയില്‍ അഡ്വ. എ.ആര്. ശ്രീകുമാറിന്റെ ഭാര്യ ശ്രീലേഖ (55) യാണ് മരിച്ചത്.
ശ്രീലേഖ ഓടിച്ചിരുന്ന സ്കൂട്ടറില്‍ കൂടെ യാത്ര ചെയ്തിരുന്ന സഹോദരി ശ്രീജ (50) യ്ക്കു ഗുരുതരമായി പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ന് പെരുവ-കടുത്തുരുത്തി റോഡിലുള്ള ബാറിനു മുന്നിലായിരുന്നു അപകടം.
പെരുവയില്നിന്നും അറുനൂറ്റിമംഗലം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്കു പോകുകയായിരുന്ന സ്കൂട്ടറിലേക്ക് എതിര്‍ദിശയില്‍നിന്നെത്തിയ കാര്‍ ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റു വീണ ഇരുവരെയും നാട്ടുകാര്‍ ഉടന്‍ പൊതിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശ്രീലേഖ മരിച്ചു.
കാര്‍ ഓടിച്ചിരുന്ന മൂര്‍ക്കാട്ടിപ്പടി തൂമ്പാചെരണ്ടിയില്‍ മിനുമോന്‍ ലൂക്കായെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നു വെള്ളൂര്‍ പോലീസ് പറഞ്ഞു. മരിച്ച ശ്രീലേഖയുടെ ഏകമകന് നിരഞ്ജന് പ്ലസ് ടു വിദ്യാര്‍ഥിയാണ്. സംസ്കാരം ഇന്ന് നാലിന് വീട്ടുവളപ്പില്‍.