അടിയന്തരാവസ്ഥയുടെ ഓർമകൾ ഇന്നും വേട്ടയാടുന്നു: ആരിഫ് മുഹമ്മദ് ഖാൻ
Tuesday, August 5, 2025 2:36 AM IST
തൃശൂർ: അടിയന്തരാവസ്ഥക്കാലത്തെ നടുക്കുന്ന ഓർമകൾ ഇന്നും തന്നെ വേട്ടയാടുന്ന ഒരു പേടി സ്വപ്നമാണെന്നു ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. കള്ളക്കേസിൽ കുടുക്കിയാണു തന്നെ പഠനകാലത്ത് യൂണിവേഴ്സിറ്റിയുടെ ഗസ്റ്റ് ഹൗസിൽനിന്ന് അറസ്റ്റ് ചെയ്തത്. വൈദ്യുതിബന്ധം വിഛേദിച്ചുവെന്ന പേരിൽ അവർ ചാർത്തിത്തന്ന കുറ്റവും തനിക്കു മറക്കാൻ കഴിയില്ല.
തിരിച്ചുചോദിക്കാൻപോലും ആർക്കും അധികാരമില്ലായിരുന്ന ആ കാലം ഇന്നും തന്നെ അലട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാസിനോ ഓഡിറ്റോറിയത്തിൽ വിജിൽ ഹ്യൂമൻ റൈറ്റ്സ് സംഘടിപ്പിച്ച, മുൻ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള രചിച്ച "അടിയന്തരാവസ്ഥ - പാഠവും പഠനവും' പുസ്തകവിചാര സെമിനാർ ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥയെക്കുറിച്ച് ശ്രീധരൻപിള്ള രചിച്ച പുസ്തകങ്ങൾ രാഷ്ട്രീയവിദ്യാർഥികൾക്കും ഗവേഷകർക്കും എന്നും ഒരു മുതൽക്കൂട്ടാണ്. കോവിഡ് കാലത്ത് എല്ലാവരും ആകുലപ്പെട്ടിരിക്കുന്പോൾ ശ്രീധരൻപിള്ള പുസ്തകമെഴുത്തായിരുന്നു. മരിച്ചുകഴിഞ്ഞാലും ജീവിക്കണമെങ്കിൽ പുസ്തകമെഴുതിയാൽ മതി. ഓർമകളിലൂടെ ജീവിക്കപ്പെടുമെന്നും ആരിഫ് മുഹമ്മദ്ഖാൻ കൂട്ടിച്ചേർത്തു.
മുസലിയാർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ പി.ഐ. മുഹമദ് ഷെറീഫിനു ശ്രീധരൻപിള്ള രചിച്ച മൂന്നു പുസ്തകങ്ങൾ നൽകി ആരിഫ് മുഹമ്മദ്ഖാൻ പ്രകാശനം നിർവഹിച്ചു.
അടിയന്തരാവസ്ഥക്കാലത്തെ ജനാധിപത്യ ധ്വംസനത്തെക്കുറിച്ച് ആരും അറിയാതെ പോകരുതെന്ന തീരുമാനമാണ് തന്നെ ഇത്തരത്തിൽ ഒരു പുസ്തകമെഴുതാൻ പ്രേരിപ്പിച്ചതെന്നു ശ്രീധരൻപിള്ള പറഞ്ഞു. അടിയന്തരാവസ്ഥയെക്കുറിച്ച് അന്വേഷിച്ചു സമർപ്പിച്ച റിപ്പോർട്ടുപോലും പിന്നീട് അധികാരത്തിൽവന്ന ഇന്ദിരാഗാന്ധി നശിപ്പിച്ച രാജ്യത്താണ് നാം ജീവിക്കുന്നത്. എന്നാൽ, ഈ ദുഷ്പ്രവൃത്തി വീണ്ടും ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്നത് ഉത്തരവാദിത്വമായി ഏറ്റെടുത്താണ് പുസ്തകങ്ങൾ എഴുതിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോസഫ് തോമസ് അധ്യക്ഷത വഹിച്ചു. മുൻ എംപി ഡോ. സെബാസ്റ്റ്യൻ പോൾ, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ, പ്രോഗ്രാം കണ്വീനർ വിപിൻ പാറമേക്കാട്ട്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. അനീഷ്കുമാർ, ജില്ലാ പ്രസിഡന്റുമാരായ ജസ്റ്റിൻ ജേക്കബ്, എ.ആർ. ശ്രീകുമാർ, ടോണി റാഫി എന്നിവർ പ്രസംഗിച്ചു.