സിനിമാ കോണ്‍ക്ലേവ് പരാമര്‍ശത്തില്‍ ഉറച്ച് അടൂര്‍
Tuesday, August 5, 2025 2:36 AM IST
തിരുവനന്തപുരം: സിനിമ പോളിസി കോണ്‍ക്ലേവില്‍ ഉന്നയിച്ച വിവാദ പരാമര്‍ശങ്ങളില്‍ ഉറച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. താന്‍ പറഞ്ഞ പോസിറ്റീവായ കാര്യങ്ങള്‍ അനാവശ്യമായി വളച്ചൊടിക്കുകയായിരുന്നുവെന്നും ഈ രംഗത്ത് വരുന്നവര്‍ ഒരു സിനിമയെടുത്ത് അപ്രത്യക്ഷരായി പോകരുതെന്നാണു താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളും പിന്നാക്ക വിഭാഗത്തില്‍നിന്നു വരുന്നവരും ഈ രംഗത്തു തുടര്‍ന്നും ഉണ്ടാകണം. സിനിമ ചിത്രീകരണത്തെക്കുറിച്ച് അറിവില്ലാത്തതാണു പ്രശ്നം. അവര്‍ക്ക് ആവശ്യമായ പരിശീലനം നല്കിയാല് പിന്നീട് ഈ രംഗത്തുതന്നെ പ്രവര്‍ത്തിക്കാനുള്ള ആത്മവിശ്വാസവും അറിവും ലഭിക്കും. അതിനെയാണ് തെറ്റായി വ്യാഖ്യാനിച്ചതന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ക്ലേവിന്റെ സമാപന ചടങ്ങില്‍ എതിരഭിപ്രായമുയര്‍ത്തിയ ഗായിക പുഷ്പവതിക്കെതിരേയും അടൂര്‍ വിമര്‍ശനം ഉന്നയിച്ചു. തന്റെ സംസാരം തടസപ്പെടുത്താന്‍ അവര്‍ക്ക് എന്ത് അവകാശമാണുള്ളതെന്നു ചോദിച്ച അടൂര്‍ അവര്‍ സിനിമയുമായി ബന്ധം ഇല്ലാത്തയാളാണെന്നും താന്‍ വരത്തനല്ലെന്നും പറഞ്ഞു.
അതേസമയം പ്രതിഷേധിച്ചത് ആത്മസഹോദരങ്ങള്ക്കു വേണ്ടിയാണെന്നും വേണ്ടത് വേണ്ടപ്പോള്‍ തോന്നിയില്ലെങ്കില്‍ വേദനിക്കേണ്ടി വരുമെന്നും പുഷ്പവതി പ്രതികരിച്ചു.
ഇതിനിടെ അടൂര്‍ ഗോപാലകൃഷ്ണന് നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. സോഷ്യല്‍ മീഡിയയിലും അല്ലാതെയും നിരവധി പേരാണ് വിവാദത്തില്‍ അഭിപ്രായങ്ങള്‍ പങ്കുവച്ചത്. പുറത്തുവന്നത് ഫ്യൂഡല്‍ ചിന്താഗതിയെന്ന് സംവിധായകന് ഡോ. ബിജു വിമര്‍ശിച്ചു. അടൂര്‍ നടത്തിയ പരാമര്‍ശം കേസെടുക്കാവുന്ന കുറ്റമാണെന്ന് കെ. രാധാകൃഷ്ണന് എംപി പ്രതികരിച്ചു.
അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞതല്ല സര്‍ക്കാരിന്റെ നിലപാടെന്നു ചലച്ചിത്ര വികസന കോര്പറേഷന് ചെയര്മാന് കെ. മധു പ്രതികരിച്ചു. ഒരു വിഭാഗം ജനങ്ങളെ തള്ളിപ്പറയുന്നത് ആരായാലും ശരിയല്ലെന്നു സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ മധുപാല്‍ പറഞ്ഞു.
ഒരു സംവിധായകന് എന്ന നിലയില്‍ അടൂര്‍ ഗോപാലകൃഷ്ണനെ ബഹുമാനിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ ശരിയായില്ലെന്നു സംവിധായകന് കമല്‍ പറഞ്ഞു. എന്നാല്‍ അടൂര്‍ പറഞ്ഞത് നല്ല ഉദ്ദേശ്യത്തോടെയാണെന്നു നടന് മുകേഷ്പ്രതികരിച്ചു.
അടൂരിനെതിരേ പ്രതിഷേധം, കേസ്
സിനിമ പോളിസി കോണ്‍ക്ലേവില്‍ ഉന്നയിച്ച വിവാദ പരാമര്‍ശങ്ങളെത്തുടര്‍ന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനെതിരേ പോലീസില്‍ പരാതി. സാമൂഹ്യപ്രവര്‍ത്തകനായ ദിനു വെയിലാണ് തിരുവനന്തപുരം മ്യൂസിയം പോലീസില്‍ പരാതി നല്‍കിയത്. എസ്സി എസ്ടി ആക്ട് പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.
ചാല മാര്‍ക്കറ്റിലെ തൊഴിലാളികളെ അധിക്ഷേപിച്ചതായി ആരോപിച്ച് സിഐടിയു പ്രവര്‍ത്തകര്‍ അടൂരിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തി. പുത്തരിക്കണ്ടം മൈതാനത്താണ് പ്രതിഷേധം നടന്നത്. കെപിഎംഎസ് പ്രവര്‍ത്തകര്‍ അടൂരിന്റെ വീട്ടിലേക്കു മാര്‍ച്ച് നടത്തുകയും കോലം കത്തിക്കുകയും ചെയ്തു.