തിരുവോണം ബംപറിന് വൻ ഡിമാൻഡ്
Tuesday, August 5, 2025 2:36 AM IST
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയിൽ ഏറ്റവും വലിയ സമ്മാനത്തുക നൽകുന്ന ഇത്തവണത്തെ തിരുവോണം ബംപർ ഭാഗ്യക്കുറിക്ക് വിപണിയിൽ വൻ ഡിമാൻഡ്.
25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബംപർ ഭാഗ്യക്കുറി ദിവസങ്ങൾക്കു മുമ്പാണ് വിപണിയിൽ എത്തിയത്. ആദ്യ ഘട്ടത്തിൽ 20 ലക്ഷം ടിക്കറ്റുകൾ വില്പനയ്ക്കെത്തിയതിൽ ഇന്നലെ ഉച്ചവരെ 13 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റുപോയി.
ഒരു കോടി വീതം 20 പേർക്ക് രണ്ടാം സമ്മാനവും 50 ലക്ഷം വീതം 20 പേർക്കു മൂന്നാം സമ്മാനവും അഞ്ചു ലക്ഷം വീതം 10 പരമ്പരകൾക്ക് നാലാം സമ്മാനവും രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്ക് അഞ്ചാം സമ്മാനവും നൽകുന്നതിലൂടെ പുതുമയുള്ള സമ്മാനഘടനയാണ് ഇത്തവണത്തെ തിരുവോണം ബംപർ ഭാഗ്യക്കുറി മുന്നോട്ടു വയ്ക്കുന്നത്.
500 രൂപ ടിക്കറ്റു വിലയുള്ള തിരുവോണം ബംപർ ഭാഗ്യക്കുറിക്ക് 5,000 രൂപയിൽ തുടങ്ങി 500 രൂപയിൽ അവസാനിക്കുന്ന ചെറിയ സമ്മാനങ്ങളുമുണ്ട്. സെപ്റ്റംബർ 27നാണ് നറുക്കെടുപ്പ് നടക്കുക.