കേരള സ്കൂൾ കലോത്സവം തൃശൂരിൽ
Wednesday, August 6, 2025 1:38 AM IST
മലപ്പുറം: അറുപത്തിനാലാമത് കേരള സ്കൂൾ കലോത്സവം 2026 ജനുവരി ഏഴ് മുതൽ 11 വരെ തൃശൂർ ജില്ലയിൽ നടക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വിപുലമായ സംഘാടക സമിതി രൂപവത്കരണം 12ന് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ചേരും. 25 വേദികളിലായി നടക്കുന്ന കലോത്സവത്തിൽ സംസ്കൃതോത്സവവും അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. 2018 ലാണ് അവസാനമായി തൃശൂരിൽ കലോത്സവം നടന്നത്.
സംസ്ഥാന കലോത്സവത്തിനു മുന്നോടിയായി സ്കൂൾതല മത്സരങ്ങൾ സെപ്റ്റംബറിലും സബ്ജില്ലാതല മത്സരങ്ങൾ ഒക്ടോബർ രണ്ടാംവാരത്തിനുള്ളിലും ജില്ലാതല മത്സരങ്ങൾ നവംബർ ആദ്യവാരവും പൂർത്തിയാക്കും. സബ്ജില്ലാ കലോത്സവം, ജില്ലാകലോത്സവം എന്നിവയുടെ വേദികൾ റൊട്ടേഷൻ വ്യവസ്ഥയിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ/വിദ്യാഭ്യാസ ഉപഡയറക്ടർമാർ എന്നിവർ തെരഞ്ഞെടുക്കും.
കായികമേള ഒക്ടോബർ 22 മുതൽ
സംസ്ഥാന സ്കൂൾ കായിക മത്സരങ്ങൾ ഒളിന്പിക്സ് മാതൃകയിൽ ഒക്ടോബർ 22 മുതൽ 27 വരെ തിരുവനന്തപുരത്ത് നടക്കും. കായികമേളയോടനുബന്ധിച്ചുള്ള ജില്ലാതല മത്സരങ്ങൾ ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെയായിരിക്കും. കായികമേളയുടെ പ്രചാരണാർഥം കാസർഗോഡുനിന്ന് തിരുവനന്തപുരത്തേക്കു ദീപശിഖാ പ്രയാണവും സംഘടിപ്പിക്കും.
സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കും. സംസ്ഥാന ടിടിഐ/പിപിടിടിഐ കലോത്സവം സെപ്റ്റംബർ 12ന് രാവിലെ 8.30ന് വയനാട് ഡയറ്റിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെ ആരംഭിക്കും.
വൈകുന്നേരം അഞ്ചിന് സുൽത്താൻ ബത്തേരി അധ്യാപകഭവൻ ഓഡിറ്റോറിയത്തിൽ സമാപനസമ്മേളനം നടക്കും. സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവം നവംബർ ആറ് മുതൽ എട്ടുവരെ മലപ്പുറത്ത് നടക്കും.