അടൂരിൽനിന്ന് ഇതു പ്രതീക്ഷിച്ചില്ല: ബിനോയ് വിശ്വം
Wednesday, August 6, 2025 1:38 AM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മുഴുവൻ ജനങ്ങളുടെയും ആദരവിനു പാത്രമായ പ്രതിഭാശാലിയായ അടൂർ ഗോപാലകൃഷ്ണന്റെ ഭാഗത്തുനിന്നും പ്രതീക്ഷിക്കാത്ത നിലപാടാണു സിനിമാ കോണ്‍ക്ലേവിലും തുടർന്നുള്ള ചർച്ചകളിലും ഉണ്ടായതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
പണക്കൊഴുപ്പും പുരുഷാധിപത്യവും പിടിമുറുക്കിയ ചലച്ചിത്ര മേഖലയിൽ ദളിതർക്കും സ്ത്രീകൾക്കും ഇടംകണ്ടെത്താനുള്ള നയത്തിന്റെ ഭാഗമായാണ് ഇടതുസർക്കാർ അവർക്കു സാമ്പത്തികസഹായം നൽകാനുള്ള പദ്ധതി ആവിഷ്കരിച്ചത്.
അതിനൊപ്പം നിൽക്കാനുള്ള ചരിത്രബോധവും ഹൃദയവിശാലതയുമാണ് അടൂരിനെപ്പോലുള്ളവരിൽനിന്ന് കേരളം പ്രതീക്ഷിക്കുന്നത്. ദളിതരും സ്ത്രീകളും പുതിയ അവകാശബോധവുമായി മുന്നോട്ടു വരുമ്പോൾ അതിനൊപ്പം നിൽക്കേണ്ടവരാണ് അടൂരിനെപ്പോലുള്ള കലാകാരന്മാർ. അത് അദ്ദേഹം വിസ്മരിക്കാൻ പാടില്ലായിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.