വരയാടുകളുടെ സംയുക്ത സെൻസസ് റിപ്പോർട്ട് പുറത്തുവിട്ടു
Wednesday, August 6, 2025 1:37 AM IST
തിരുവനന്തപുരം: കേരളത്തിൽ 1365 വരയാടുകൾ. തമിഴ്നാട്ടിലാകട്ടെ 1303 എണ്ണവും. കേരള- തമിഴ്നാട് വനമേഖലകളിൽ കഴിഞ്ഞ ഏപ്രിലിൽ നടത്തിയ സംയുക്ത സെൻസസിൽ 2668 എണ്ണം വരയാടുകളാണ് ഉള്ളതെന്നു കണ്ടെത്തി.
കേരളത്തിലെ ഇരവികുളം ദേശീയ പാർക്കിലാണ് കൂടുതൽ വരയാടുകളുള്ളത്. 841 വരയാടുകൾ. കഴിഞ്ഞ വർഷത്തെ കണക്ക് അനുസരിച്ച് ഇവിടെ 827 എണ്ണമായിരുന്നു ഉണ്ടായിരുന്നത്. കേരളത്തിലെ വരയാടുകളിൽ ഭൂരിഭാഗവും മൂന്നാർ ലാൻഡ് സ്കേപ്പിലാണ് കാണപ്പെടുന്നത്.
തമിഴ്നാട്ടിൽ മുക്കൂർത്തി നാഷണൽ പാർക്കിലും കേരളത്തോട് ചേർന്നുള്ള ഗ്രാസ് ഹിൽസ് നാഷണൽ പാർക്കിലുമാണ് കൂടുതൽ വരയാടിനെ കണ്ടെത്തിയത്. കേരളത്തിൽ 89 സ്ഥലങ്ങളിലും തമിഴ്നാട്ടിൽ 182 ഇടങ്ങളിലുമായിരുന്നു കണക്കെടുപ്പ്.
വരയാടുകളുടെ ആവാസവ്യവസ്ഥയുള്ള എല്ലാ പ്രദേശങ്ങളിലും നാലുദിവസം തുടർച്ചയായി ശാസ്ത്രീയ രീതിയിലെ ബൗണ്ടഡ് കൗണ്ട്, ഡബിൾ ഒബ്സർവർ എന്നിവ ഉപയോഗിച്ചായിരുന്നു കണക്കെടുപ്പ്. തിരുവനന്തപുരം മുതൽ വയനാട് വരെ വരയാടുകൾ കാണപ്പെടുന്ന 19 വനം ഡിവിഷനെയാണ് സെൻസസിൽ ഉൾപ്പെടുത്തിയത്.
വരയാടുകളുടെ ഭൂമിശാസ്ത്രപരമായ വിന്യാസവും അവ നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികളും മനസിലാക്കുകയും കാമറ ട്രാപ്പ് ഉപയോഗിച്ച് കൂടുതൽ കൃത്യതയുള്ള വിവരം ശേഖരിക്കുകയും ചെയ്യുകയെന്നതും കണക്കെടുപ്പിന്റെ പ്രധാന ലക്ഷ്യമാണ്.
വരയാടുകൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് തോട്ടം മേഖലയുടെ ആവിർഭാവമാണ്.
നിർമാണ പ്രവർത്തനം, കാലാവസ്ഥ വ്യതിയാനം, ഭൂവിനിയോഗ രീതി, ആവാസ വ്യവസ്ഥകളുടെ ശോഷണം തുടങ്ങിയവ വരയാടുകൾ നേരിടുന്ന പ്രധാന വെല്ലുവിളികളാണന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട് വനംമന്ത്രി എ.കെ.ശശീന്ദ്രൻ വനം മേധാവി രാജേഷ് രവീന്ദ്രന് കൈമാറി പ്രകാശനം ചെയ്തു.