യുഡിഎഫ് അവിശ്വാസത്തെ പിന്തുണച്ച് ഇടത് കൗൺസിലർ; കൂത്താട്ടുകുളം നഗരഭരണം ഇടതിനു നഷ്ടമായി
Wednesday, August 6, 2025 1:38 AM IST
കൂത്താട്ടുകുളം: മാസങ്ങൾക്കുമുന്പ് കൗൺസിലറെ തട്ടിക്കൊണ്ടുപോയതടക്കം ഏറെ നാടകീയ സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ച കൂത്താട്ടുകുളം നഗരസഭയിൽ ചെയർപേഴ്സൺ വിജയ ശിവനെതിരേയും വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസിനെതിരേയും യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം എൽഡിഎഫ് കൗൺസിലറുടെ പിന്തുണയോടെ പാസായി. ഇതോടെ എൽഡിഎഫിനു നഗരഭരണം നഷ്ടമായി.
ഇന്നലെ രാവിലെ 11 ന് കൗൺസിൽ ഹാളിൽ നടന്ന അവിശ്വാസ പ്രമേയ അവതരണത്തിനുശേഷം നടന്ന വോട്ടെടുപ്പിലാണ് ചെയർപേഴ്സനു സ്ഥാനം നഷ്ടമായത്. ഉച്ചകഴിഞ്ഞ് മൂന്നിനാണ് വൈസ് ചെയർമാനെതിരേയുള്ള അവിശ്വാസം ചർച്ചയ്ക്കെടുത്തത്.
രാവിലെയും ഉച്ചകഴിഞ്ഞും വോട്ടെടുപ്പിൽനിന്ന് 12 എൽഡിഎഫ് കൗൺസിലർമാർ വിട്ടുനിന്നു. 11 യുഡിഎഫ് കൗൺസിലർമാരും പതിനഞ്ചാം വാർഡിൽനിന്നുള്ള എൽഡിഎഫ് കൗൺസിലർ കലാ രാജുവും ഒരു സ്വതന്ത്രനും അവിശ്വാസപ്രമേയത്തെ പിന്തുണച്ചു. തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ടർ വിധു എ. മേനോനായിരുന്നു വരണാധികാരി.
എൽഡിഎഫ് കൗൺസിലർ കലാ രാജു യുഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെങ്കിലും ബാലറ്റിലെ ചോദ്യോത്തരങ്ങളിൽ ഒന്നിൽ നൽകിയ മറുപടി ആശയക്കുഴപ്പമുണ്ടാക്കി. തുടർന്ന് വോട്ട് അസാധുവാക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് അംഗങ്ങൾ രംഗത്തുവന്നെങ്കിലും വരണാധികാരിയുടെ വിവേചന അധികാരം ഉപയോഗിച്ചു വോട്ട് അംഗീകരിക്കുകയായിരുന്നു.
പുത്തൻകുരിശ് ഡിവൈഎസ്പി വി.ടി. ഷാജിന്റെ നേതൃത്വത്തിൽ കൂത്താട്ടുകുളം, മൂവാറ്റുപുഴ, പിറവം, രാമമംഗലം പോലീസ് സ്റ്റേഷനുകളിൽനിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘമാണു ക്രമസമാധാനം ഉറപ്പുവരുത്തിയത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നഗരസഭ കൗൺസിലർ കലാ രാജുവിനും പി.ജി. സുനിൽകുമാറിനും പ്രത്യേക പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
യുഡിഎഫ് മുന്പ് നൽകിയ അവിശ്വാസ പ്രമേയം മേയ് 18ന് ചർച്ചയ്ക്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. എൽഡിഎഫ് കൗൺസിലർ കലാ രാജു യുഡിഎഫിന് പിന്തുണ നൽകി യുഡിഎഫ് നേതാക്കൾക്കൊപ്പം കൗൺസിൽ യോഗത്തിൽ എത്തിയതോടെ വലിയ സംഘർഷമുണ്ടാകുകയും ചെയ്തു. ഇതിനിടെ കലാ രാജുവിനെ നഗരസഭാ ചെയർപേഴ്സന്റെ വാഹനത്തിൽ തട്ടിക്കൊണ്ടുപോകുകയും ചെയ്തു.
സംഭവത്തെത്തുടർന്ന് അന്ന് യുഡിഎഫിന്റെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ കഴിയാതെ നിലവിലുള്ള ഭരണസമിതി ഭരണം തുടരുകയായിരുന്നു. ആറു മാസത്തിനുശേഷം രണ്ടാമത് യുഡിഎഫ് നൽകിയ അവിശ്വാസ പ്രമേയമാണ് ഇന്നലെ ചർച്ചയ്ക്കെടുത്തതും വോട്ടിനിട്ടതും.
യുഡിഎഫിനൊപ്പം ഉറച്ചുനിൽക്കും: കലാ രാജു
ഒരു സ്ത്രീക്കും സഹിക്കാൻ കഴിയാത്ത പ്രവൃത്തികളാണു സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്ന് യുഡിഎഫിന്റെ അവിശ്വാസത്തെ പിന്തുണച്ച എൽഡിഎഫ് കൗൺസിലർ കലാ രാജു. പൊതുജനമധ്യത്തിൽ വച്ചു തന്നെ വസ്ത്രാക്ഷേപം വരെ ചെയ്തിട്ടുള്ള സിപിഎമ്മിനൊപ്പം ഇനി തുടരാൻ കഴിയില്ല.
പാർട്ടി ചോദിച്ചു വാങ്ങിയ പരാജയമാണു കൂത്താട്ടുകുളത്ത് സംഭവിച്ചിരിക്കുന്നത്. സ്വന്തം മനഃസാക്ഷിക്ക് നിരക്കുംവിധമാണു വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. ജനാധിപത്യത്തെ കശാപ്പ് ചെയ്തിരിക്കുന്നത് എൽഡിഎഫ് നേതൃത്വമാണ്. ഇനി മുന്നോട്ട് യുഡിഎഫിനൊപ്പം ഉറച്ചുനിൽക്കും. തുടർന്നുണ്ടാകുന്ന ഏതു നിയമനടപടിയും നേരിടാൻ തയാറാണെന്നും അവർ പറഞ്ഞു.
സിപിഎമ്മിന്റെ ജനാധിപത്യ തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശമനുസരിച്ച് 21 ദിവസത്തിനുശേഷം പുതിയ ചെയർമാൻ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിനുള്ള തീയതി പുറത്തുവിടും. തെരഞ്ഞെടുപ്പുവരെ നഗരസഭാ സെക്രട്ടറിക്കായിരിക്കും ഭരണച്ചുമതല.