വിസിമാരുടെ നിയമനം; ഗവര്‍ണറുമായുള്ള ചര്‍ച്ച തുടരും: മന്ത്രി ആര്. ബിന്ദു
Wednesday, August 6, 2025 1:37 AM IST
കോഴിക്കോട്: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ സ്ഥിരം നിയമനം സംബന്ധിച്ച് ഗവര്‍ണറുമായുള്ള ചര്‍ച്ച തുടരുമെന്ന് മന്ത്രി ആര്. ബിന്ദു. ചര്‍ച്ചയ്ക്കുള്ള പുതിയ തീയതി നിശ്ചയിച്ചിട്ടില്ലെന്ന് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു.
ഗവര്‍ണര്‍ ആര്.വി. അര്‍ലേക്കറുമായി കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. അന്നു ചര്‍ച്ച പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
പ്രഫ.എം.കെ. സാനുവിന്റെ നിര്യാണവുമായി ബന്ധപ്പെട്ട് തനിക്കും മന്ത്രി പി. രാജീവിനും കൊച്ചിയിലേക്കു പോകേണ്ടതിനാല്‍ ചര്‍ച്ച പാതിവഴിയില്‍ നിര്‍ത്തുകയായിരുന്നു. ഒന്നരമണിക്കൂര്‍ മാത്രമാണു ചര്‍ച്ച നടന്നത്. ഇനിയും ചര്‍ച്ച നടക്കുമെന്ന് മന്ത്രി ബിന്ദു പറഞ്ഞു.
സ്കൂളുകളില്‍ ബാക്ക് ബെഞ്ച് ഒഴിവാക്കിയുള്ള സംവിധാനം കൊണ്ടുവരുന്നതിനെക്കുറിച്ച് മന്ത്രി വി. ശിവന്‍കുട്ടി മുന്നോട്ടുവച്ച നിര്‍ദേശത്തോടു യോജിപ്പാണുള്ളത്. താന്‍ അധ്യാപികയായിരുന്ന കാലഘട്ടത്തില്‍ത്തന്നെ അതു പരീക്ഷിച്ചിരുന്നു.
എല്ലാവരെയും മുന്‍നിരയില്‍ എത്തിക്കുകയാണു ലക്ഷ്യം. ഇത്തരം സംവിധാനം വന്നാല്‍ എല്ലാവരെയും ക്ലാസെടുക്കുന്ന അധ്യാപകര്‍ക്ക് ഒരുപോലെ കാണാന്‍ സാധിക്കും. ഇത് കോളജുകളില്‍ നടപ്പാക്കുന്നതു സംബന്ധിച്ചും തീരുമാനമെടുക്കാവുന്നതാണ്.
സ്കൂളുകളെ അപേക്ഷിച്ചു മുതിര്‍ന്ന കുട്ടികളാണു കോളജുകളിലുള്ളത്. ഉത്തരവ് ഇറക്കുന്ന കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. ഇപ്പോള്‍തന്നെ പലതരം വിന്യാസങ്ങള്‍ ക്ലാസ് മുറികളില്‍ നടക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ ഒരു ഭാഗത്തും ആണ്‍കുട്ടികള്‍ മറുഭാഗത്തും ഇരിക്കുന്ന രീതി ശരിയല്ലെന്ന നിലപാടാണ് തനിക്ക് അന്നുതന്നെ ഉണ്ടായിരുന്നതെന്ന് മന്ത്രി പറഞ്ഞു.
ട്രാന്‍സ്ജന്‍ഡേഴ്സിന്റെ ശസ്ത്രക്രിയ നടത്തുന്നതിനു കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രത്യേക സെല്‍ തുറക്കും. ഡോക്ടര്‍മാരെ വിദേശത്ത് അയച്ച് പരിശീലനം ലഭ്യമാക്കും. കോളജുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കുമെന്നും അവ നടപടിക്കായി സര്‍വകലാശാലകള്‍ക്കു നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.