സ്ത്രീകളുടെ തിരോധാനം; ഡിഎൻഎ പരിശോധനയ്ക്ക് സാമ്പിളെടുത്തു
Wednesday, August 6, 2025 1:37 AM IST
ചേര്‍ത്തല: ദുരൂഹസാഹചര്യത്തിൽ കാണാതായ സ്ത്രീകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ചേര്‍ത്തല തെക്ക് പഞ്ചായത്ത് 13-ാം വാര്‍ഡില്‍ വള്ളാകുന്നത്തുവെളി സിന്ധു (45) വിന്റെ ഡിഎന്‍എ പരിശോധനയ്ക്കായി മകള്‍ അമലേന്ദുവിന്റെ രക്തസാമ്പിള്‍ പോലീസ് ശേഖരിച്ചു.
കാണാതായ ബിന്ദു പദ്മനാഭന്റെ സഹോദരന് വിദേശത്ത് ജോലി ചെയ്യുന്ന പ്രവീണിനെയും ഡിഎന്‍എ പരിശോധനയ്ക്കായി ക്രൈം ബ്രാഞ്ച് വിളിച്ചു വരുത്തിയിട്ടുണ്ട്. ഇന്ന് രക്തസാമ്പിള്‍ നല്‍കുമെന്നാണ് വിവരം.
ഏറ്റുമാനൂര്‍ സ്വദേശിനി ജയ്നമ്മയെ കാണാതായ സംഭവത്തില്‍ പ്രതി സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തുള്ള വീട്ടില്‍ കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് സിന്ധുവിന്റെ ബന്ധുക്കള്‍ ഡിഎന്‍എ പരിശോധനയ്ക്കായി രംഗത്തെത്തിയത്. ഇവര്‍ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ ഇന്നലെ രക്തം നല്കി. അര്‍ത്തുങ്കല്‍ പോലീസിന്റെ നേതൃത്വത്തിലാണ് അമലേന്ദു ആശുപത്രിയില്‍ എത്തിയത്. ഒരാഴ്ചയ്ക്കുള്ളില്‍ പരിശോധനാഫലം വരുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
സിന്ധുവിന്റെ തിരോധാനത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചു. ചേര്‍ത്തല സ്വദേശിനികളായ കടക്കരപ്പള്ളി പത്മവിലാസത്തില്‍ ബിന്ദു പത്മനാഭന്, വാരനാട് ശാസ്താംകവല വെളിയില്‍വീട്ടില്‍ ഐഷ, ഏറ്റുമാനൂര്‍ സ്വദേശിനി ജയ്നമ്മ എന്നിവരുടെ തിരോധാനത്തിലാണ് അന്വേഷണം നടക്കുന്നത്.
►സിന്ധുവിനെ കാണാതായത് മകളുടെ വിവാഹനിശ്ചയത്തിനു രണ്ടു ദിവസം മുമ്പ് ◄
സിന്ധുവിന്റെ ഭര്‍ത്താവ് ഉല്ലാസ് വര്‍ഷങ്ങളായി മറ്റൊരു വിവാഹം ചെയ്ത് കരുനാഗപ്പള്ളിയിലാണ് താമസം. ഉല്ലാസും സെബാസ്റ്റ്യനുമായി സ്ഥലം വില്പന ഇടനിലക്കാരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020 ഒക്ടോബര്‍ 19ന് വൈകുന്നേരമാണ് ചേര്‍ത്തലയ്ക്കടുത്ത് തിരുവിഴയിലുള്ള ക്ഷേത്രത്തില്‍ പോകുന്നുവെന്നു പറഞ്ഞ് സിന്ധു വീട്ടില്‍നിന്നിറങ്ങിയത്.
ക്ഷേത്രത്തില്‍ ചെന്ന് വഴിപാട് എഴുതിയെങ്കിലും പിന്നീട് സിന്ധുവിനെ കാണാതാകുകയായിരുന്നു. മകളുടെ വിവാഹനിശ്ചയത്തിനു രണ്ടുദിവസം മുമ്പാണ് സിന്ധുവിനെ കാണാതായത്. മകള്‍ നല്കിയ പരാതിയെത്തുടര്‍ന്ന് അര്‍ത്തുങ്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. പിന്നീട് അര്‍ത്തുങ്കല്‍ പോലീസ് കേസ് ഫയല്‍ മടക്കി.
►ഐഷയുടെ തിരോധാനം: നിര്‍ണായകമായത് റോസമ്മയുടെ മൊഴി◄
പഞ്ചായത്ത് ഓഫീസ് ജീവനക്കാരിയായിരുന്ന ഐഷയും സെബാസ്റ്റ്യനും തമ്മില്‍ ബന്ധമുണ്ടായിരുന്നതായി ഐഷയുടെ അയല്‍വാസി റോസമ്മ പറഞ്ഞു. റോസമ്മ വീട്ടിലില്ലാതിരുന്ന സമയത്ത് സെബാസ്റ്റ്യനും ഐഷയുംകൂടി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് റോസമ്മ വില്പനയ്ക്ക് വച്ചിരുന്ന സ്ഥലം കുഴിക്കുകയും കാടുകള്‍ വെട്ടിത്തെളിക്കുകയും ചെയ്തത് റോസമ്മ ചോദ്യം ചെയ്തിരുന്നു. പിന്നീട് 2016 ഓഗസ്റ്റില്‍ സ്ഥലം വില്പന നടത്തുകയും ഓഗസ്റ്റ് 15 മുതല്‍ ഐഷയെ കാണാതാവുകയും ചെയ്യുകയായിരുന്നു.
►ശാസ്ത്രീയ ചോദ്യം ചെയ്യല്‍◄
മൂന്നു സ്ത്രീകളും കൊലചെയ്യപ്പെട്ടതായി ഏതാണ്ടു സ്ഥിരീകരിച്ച സാഹചര്യത്തില്‍ സെബാസ്റ്റ്യനെതിരേ കുരുക്കുമുറുക്കാനുളള നീക്കത്തിലാണ് അന്വേഷണ സംഘം. ചോദ്യംചെയ്യലുമായി കാര്യമായി സഹകരിക്കാത്ത സെബാസ്റ്റ്യനെ ശാസ്ത്രീയമാര്‍ഗങ്ങളിലൂടെ ചോദ്യം ചെയ്യുന്ന നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇന്നലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
വ്യാഴാഴ്ചയോടെ ജയ്നമ്മയുമായി ബന്ധപ്പെട്ട ഡിഎന്‍എ ഫലം വരുമെന്നാണ് സൂചന. ഫലം അനുസരിച്ച് കേസിന്റെയും അന്വേഷണത്തിന്റെയും രീതികള്‍ മാറുമെന്നാണ് വിവരം. നിലവിൽ ജയ്നമ്മ കേസില്‍ ഇതുവരെ 24 പേരെയാണ് ചോദ്യം ചെയ്തത്. സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി ഇന്നു തീരും. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും. ഇതിനിടെ ഐഷ കേസ് അന്വേഷിക്കുന്ന ആലപ്പഴു ക്രൈംബ്രാഞ്ച് ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
►സെബാസ്റ്റ്യന്റെ ഭാര്യയെ ചോദ്യം ചെയ്യും◄
സെബാസ്റ്റ്യന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ഇന്നു ചോദ്യം ചെയ്യും. ഇന്നു കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിക്കാനാണ് തീരുമാനം. എസ്പിയുടെ നേതൃത്വത്തില്‍ സെബാസ്റ്റ്യന്റെ ചോദ്യംചെയ്യല്‍ അഞ്ചുദിവസമായി തുടരുകയാണ്. അന്വേഷണത്തോട് സെബാസ്റ്റ്യന്‍ നിസഹകരണം തുടരുന്ന സാഹചര്യത്തിലാണ് ഭാര്യയെ ചോദ്യംചെയ്യാനുളള അന്വേഷണ സംഘത്തിന്റെ തീരുമാനം.
►തെറ്റിദ്ധരിപ്പിക്കുന്ന മൊഴികള്‍◄
അഞ്ചുദിവസമായി ക്രൈം ബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചോദ്യംചെയ്യലില്‍ തെറ്റിദ്ധരിപ്പിക്കുന്ന മറുപടികളാണ് സെബാസ്റ്റ്യന്‍ നല്‍കുന്നത്. കൃത്യത്തെക്കുറിച്ച് ഭാര്യയ്ക്ക് എന്തെങ്കിലും വിവരങ്ങള്‍ അറിയാമോ എന്നതില്‍ വ്യക്തത വരുത്തുന്നതിനൊപ്പം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമ്പോള്‍ പ്രതിയുടെ നസഹകരണത്തില് മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
►സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം◄
സെബാസ്റ്റ്യന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സര്‍വീസ് സഹകരണ ബാങ്കുകളില്‍ കോടികളുടെ നിക്ഷേപമാണ് ഇയാള്‍ നടത്തിയിട്ടുള്ളത്. ഇതില്‍ കുത്തിയതോട്, വരാപ്പള്ളി സര്‍വീസ് സഹകരണ ബാങ്കുകളില്‍നിന്ന് വന്‍തുക പിന്‍വലിക്കുകയും ചെയ്തിരുന്നു.
ഗള്‍ഫിലെ ജോലിയില്‍നിന്നു സമ്പാദിച്ച പണമാണെന്ന സെബാസ്റ്റ്യന്റെ മൊഴി ക്രൈംബ്രാഞ്ച് വിശ്വാസത്തില്‍ എടുത്തിട്ടില്ല. തിരോധാന കേസുകളില്‍ ഉള്‍പ്പെട്ട സ്ത്രീകളുടെ പക്കല്‍നിന്ന് തട്ടിയെടുത്ത പണമാണെന്ന സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്.