മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്: സിപിഎം പ്രവര്‍ത്തകനു ജാമ്യം
Wednesday, August 6, 2025 1:37 AM IST
കൊച്ചി: കണ്ണൂര്‍ മുഴപ്പിലങ്ങാട് സൂരജ് വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട സിപിഎം പ്രവര്ത്തകന് കൂത്തുപറമ്പ് സ്വദേശി പി.എം. മനോരാജിന്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
മനോരാജ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസുമാരായ രാജവിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. തലശേരി സെഷന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്തു നല്കിയ അപ്പീലിനോടൊപ്പമാണു ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചത്.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്റെ സഹോദരനായ മനോരാജ് അടക്കം എട്ട് സിപിഎം പ്രവര്‍ത്തകരെയാണു കഴിഞ്ഞ മാര്‍ച്ച് 24ന് തലശേരി സെഷന്‍സ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.
2005ല്‍ നല്കിയ കുറ്റപത്രത്തില്‍ തന്റെ പേര് ഉണ്ടായിരുന്നില്ലെന്നും പിന്നീട് പ്രതിയാക്കിയതില്‍ പിഴവുണ്ടെന്നുമുള്ള ഹര്‍ജിക്കാരന്റെ വാദത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നു വിലയിരുത്തിയാണ് ഉത്തരവ്. ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തുല്യ തുകയുടെ രണ്ട് ആൾജാമ്യവുമാണ് മുഖ്യ വ്യവസ്ഥ.
2005 ഓഗസ്റ്റ് അഞ്ചിനാണ് സൂരജ് കൊല്ലപ്പെട്ടത്. രണ്ടാം പ്രതിയായ ടി.കെ. രജീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആറു വര്‍ഷത്തിനുശേഷമാണ് തന്നെ പ്രതിയാക്കിയതെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
2012ല്‍ രജീഷിനെ ടി.പി. ചന്ദ്രശേഖരന് കൊലക്കേസില്‍ വടകര പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണു തന്നെ പ്രതിയാക്കിയത്. തുടര്‍ന്ന് പുനരന്വേഷണം നടത്തി 2013ല്‍ തന്നെ അഞ്ചാം പ്രതിയാക്കി കുറ്റപത്രം നല്കി. കേസ് സംബന്ധിച്ച പ്രഥമ വിവരത്തില്പ്പോലും ഹര്‍ജിക്കാരന്റെ പേരില്ലായിരുന്നുവെന്നും അഭിഭാഷകന് വാദിച്ചു.
എന്നാല്‍, ഹര്ജിക്കാരന് സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നും ദൃക്സാക്ഷിയുടെ മൊഴി വിശ്വസനീയമാണെന്നും വിചാരണക്കോടതിയുടെ ഉത്തരവില്‍ തെറ്റില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചു.
ഹര്‍ജിക്കാരനെ കുറ്റക്കാരനായി കണ്ടെത്തിയ വിചാരണക്കോടതിയുടെ ഉത്തരവിലും പ്രഥമദൃഷ്ട്യാ അപാകതയുണ്ട്. എന്നാല്‍, ഹര്ജിക്കാരന് നിരപരാധിയാണെന്ന് ഈ ഘട്ടത്തില്‍ പറയനാകില്ലെന്നു വ്യക്തമാക്കിയ കോടതി അപ്പീല്‍ പിന്നീട് വിശദമായ വാദം കേള്‍ക്കാനായി മാറ്റി.