കൊച്ചിയിലെ ഹണിട്രാപ്പ് കേസില്‍ വഴിത്തിരിവ്; പ്രതിയുടെ പരാതിയില്‍ ഐടി വ്യവസായിക്കെതിരേ കേസ്
Wednesday, August 6, 2025 1:37 AM IST
കൊച്ചി: ദമ്പതികള്‍ അറസ്റ്റിലായ കൊച്ചിയിലെ ഹണിട്രാപ്പ് കേസില്‍ വഴിത്തിരിവ്. പ്രതിയായ ചാവക്കാട് സ്വദേശിനിയുടെ പരാതിയില്‍ ഹണിട്രാപ്പ് കേസ് ഇരയായ കൊച്ചി ലിറ്റ്മസ് സെവന് ഐടി സ്ഥാപനത്തിന്റെ സിഇഒ വേണുഗോപാലകൃഷ്ണനെതിരേ ഇന്‍ഫോപാര്‍ക്ക് പോലീസ് കേസെടുത്തു.
സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു കേസ്. ഭീഷണിപ്പെടുത്തിയതിന് വേണു ഗോപാലകൃഷ്ണനും സ്ഥാപനത്തിലെ മൂന്നുപേര്‍ക്കുമെതിരേ മറ്റൊരു കേസുകൂടിയുണ്ട്.
വേണുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു യുവതി. ഇയാളെ ഹണിട്രാപ്പ് കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിനാണ് യുവതിയും ഭര്‍ത്താവും അറസ്റ്റിലായത്. കേസില്‍ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്.
ഹണിട്രാപ്പിലൂടെ 30 കോടി തട്ടാന്‍ ശ്രമിച്ച കേസിലാണു ദമ്പതികള്‍ അറസ്റ്റിലായത്. വ്യാജമായുണ്ടാക്കിയ രഹസ്യ ചാറ്റുകള്‍ പുറത്തുവിടുമെന്നും പീഡിപ്പിച്ചെന്നു പറഞ്ഞുപരത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് പണം തട്ടാന്‍ ശ്രമിച്ചതെന്നാണ് സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്.
യുവതിയുടെ വെളിപ്പെടുത്തല്‍
പരാതി നല്കിയാല് ഹണി ട്രാപ്പ് കേസില്‍ കുടുക്കുമെന്ന് തനിക്ക് സിഇഒയുടെ ഭീഷണിയുണ്ടായിരുന്നു. ഐസിസി മുമ്പാകെ പരാതി നല്‍കുമെന്ന് അറിയിച്ചതോടെയാണു കേസിൽ കുടുക്കിയത്. ഒരു വര്‍ഷത്തിലധികം താന്‍ തൊഴിലിടത്തിലും ലൈംഗിക ഉപദ്രവം നേരിട്ടു.
സിഇഒ യുഎസില്‍ വെക്കേഷനുപോയ സമയത്ത് സെക്സ് ചാറ്റ് നടത്തണമെന്നാവശ്യപ്പെട്ട് സന്ദേശം അയച്ചു. അതോടൊപ്പം അയാളുടെ വണ്‍ടൈം അശ്ലീല വീഡിയോകളും ഫോട്ടോകളും അയച്ചുതന്നു. തുടക്കം മുതല്‍ താന്‍ ഇതിനെ എതിര്‍ത്തിരുന്നു.
ഇയാള്‍ പലപ്പോഴും മോശമായി പെരുമാറി. സിംഗപ്പുരിലേക്കു പോയ സമയത്ത് എല്ലാ രാത്രികളിലും താമസിച്ച ഹോട്ടലിന്റെ വാതിലില്‍ വന്നു പലതവണ മുട്ടി. താന്‍ വാതില്‍ തുറക്കാതെയിരുന്നു. കമ്പനിയിലെ മറ്റുള്ളവരുമായുള്ള യാത്രയില്‍ യുവതികളുമൊത്ത് കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചു.
സിംഗപ്പുര്‍ യാത്ര കഴിഞ്ഞു മടങ്ങി വന്നതിനുശേഷം തന്നെ കാബിനിലിരുത്താതെ പുറത്തേക്കു മാറ്റി. ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ എല്ലാം തന്റെ പക്കലുണ്ടെന്നും യുവതി പറയുന്നുണ്ട്.