എഡിഎം നവീൻ ബാബുവിന്റെ മരണം ; പോലീസിന്റെ അന്തിമ റിപ്പോര്‍ട്ടിൽ പിഴവുകളേറെയെന്ന് മഞ്ജുഷ
Wednesday, August 6, 2025 1:38 AM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ടിൽ പിഴവുകളേറെയെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് മഞ്ജുഷ വിചാരണ കോടതിയിൽ നൽകിയ ഹർജിയിൽ ഈ പിഴവുകൾ അക്കമിട്ടു നിരത്തിയിട്ടുണ്ട്.
►പ്രശാന്തനില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന വ്യാജകേസ് നിര്‍മിക്കാന്‍ ശ്രമിച്ചു. അന്തിമ റിപ്പോർട്ടിന്റെ പേജ് 55ൽ ഈ ആരോപണത്തിന് തെളിവില്ലെന്നു പറയുന്നുണ്ട്. ശരിയായ അന്വേഷണം നടത്തിയാല്‍ വ്യാജ ആരോപണം തെളിയിക്കാന്‍ കഴിയും. പ്രശാന്തന്റെ വാദം തെറ്റാണെന്ന് തെളിയിക്കാൻ അന്വേഷണത്തിൽ ശ്രമിച്ചിട്ടില്ല.
►ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ. ഗീതയുടെ അന്വേഷണത്തില്‍ കൈക്കൂലി വാങ്ങിയിട്ടില്ല എന്നാണു തെളിഞ്ഞത്. പെട്രോള്‍ പമ്പിനുള്ള എന്‍ഒസി വച്ചുതാമസിപ്പിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. എന്നാൽ ഈ റിപ്പോർട്ടും മറ്റ് സാക്ഷ്യങ്ങളും അന്വേഷണ ഏജൻസി മൂടിവച്ചു.
►43-ാം സാക്ഷിയായ പ്രശാന്തന് വിദേശത്ത് ജോലി ചെയ്ത് 20 ലക്ഷം രൂപ സമ്പാദിച്ചതായി പറയുന്നു. എന്നാൽ, അദ്ദേഹം ഒരു ലക്ഷം രൂപയ്ക്ക് ഗോൾഡ് ലോൺ എടുത്തതായി അവകാശപ്പെടുന്നു. ഇത് വ്യക്തമായ വിരോധാഭാസമാണ്. ഈ സാക്ഷിയുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് സമർപ്പിച്ചിട്ടില്ല.
► പ്രശാന്തന് 12/10/2024-ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു പരാതി നൽകിയതായി പറയുന്നു. ഈ പരാതി അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതു മൂടിവച്ചതിന്റെ കാരണം, ഈ പരാതി നവീന്‍ ബാബുവിനെക്കുറിച്ചല്ല, മറ്റുള്ളവരെക്കുറിച്ചാകാം.
►പ്രശാന്തന് നവീന്‍ ബാബുവിന്റെ വീടിനടുത്ത് ഉണ്ടായിരുന്നതായി കാണിക്കുന്ന സിസിടിവി വീഡിയോകൾ എഡിറ്റ് ചെയ്തതാണ്. മുഴുവൻ ഫുട്ടേജ് സമർപ്പിച്ചിട്ടില്ല, അതിനാൽ പ്രശാന്തന്റെ വാദം തെറ്റാണെന്നു തെളിയിക്കാൻ അന്വേഷണസംഘത്തിനു കഴിയുന്നില്ല.
►14/10/2024ന് വിജിലൻസ് ഓഫീസിൽ പ്രശാന്തൻ എട്ടുമിനിറ്റ് 33 സെക്കൻഡ് മാത്രമേ ചെലവഴിച്ചുള്ളൂ. ഒരു പരാതി നൽകിയതായി തെളിവില്ല. ഈ സമയത്ത് വിജിലൻസ് ഉദ്യോഗസ്ഥരുമായി എന്ത് സംസാരിച്ചു എന്നതിനെക്കുറിച്ച് മൊഴി എടുത്തിട്ടില്ല.
► പ്രതി പി.പി. ദിവ്യയും പതിനാറാം സാക്ഷിയായ ജില്ലാ കളക്ടർ അരുൺ കെ.വിജയനുമായി
നിരന്തരം ഫോൺ സംവാദങ്ങളും ചാറ്റുകളും ഉണ്ടായിരുന്നു. എന്നാൽ, പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് 14, 15 ഒക്ടോബർ തീയതികളിലെ ചാറ്റുകൾ മാത്രമേ വാങ്ങിയിട്ടുള്ളൂ. ഇത് പ്രതിയെ സഹായിക്കുന്നതിനാണ്.
► കളക്ടറുടെ പ്രസ്താവനയിൽ യാത്രയയപ്പ് നടന്ന ദിവസം വൈകുന്നേരം 6.40ന് മന്ത്രി കെ. രാജനോട് സംസാരിക്കുകയും “കുറ്റസമ്മതം” എന്നതിനെക്കുറിച്ച് സംസാരിച്ചതായും പറയുന്നു. എന്നാൽ, മന്ത്രി മാധ്യമങ്ങളിൽ ഇത് നിഷേധിച്ചിട്ടുണ്ട്. എന്നിട്ടും, മന്ത്രിയുടെ പ്രസ്താവന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.
► പ്രശാന്തൻ ഒരു ഹോസ്പിറ്റൽ ജീവനക്കാരനാണ്, അയാൾക്ക് ഒരു പെട്രോൾ പമ്പ് ലൈസൻസിന് അപേക്ഷിക്കാൻ കഴിയില്ല. അയാൾ പ്രതിയുടെ ബെനാമിയാകാം എന്ന സംശയം അന്വേഷിച്ചിട്ടില്ല.
► നവീന്‍ ബാബുവിന്റെ സഹോദരൻ അഡ്വ. പ്രവീൺ ബാബു ഒരു പരാതി നൽകിയിരുന്നു. എന്നാൽ, ഈ പരാതി ഫൈനൽ റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല.
► ഇലക്ട്രോണിക് തെളിവുകളിൽ ക്രമക്കേട് ഉണ്ട്. പലതും തിയതിയില്ലാതെയാണ് സമർപ്പിച്ചിരിക്കുന്നത്. 43,16 സാക്ഷികളുടെ സിഡിആർ ശേഖരിച്ചിട്ടില്ല. ഇവ ഒരു കൂട്ടുകെട്ടിനെ തെളിയിക്കാൻ സഹായിക്കും.