ദുര്‍മന്ത്രവാദം, ആഭിചാരം; അഞ്ചു വര്‍ഷം, 38 കേസുകള്‍
Wednesday, August 6, 2025 1:38 AM IST
കൊച്ചി: സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തിനിടെ ദുര്‍മന്ത്രവാദവും ആഭിചാര പ്രവൃത്തികളുമായി ബന്ധപ്പെട്ട് 38 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഇലന്തൂര്‍ ഇരട്ട നരബലി കേസിന്റെ പശ്ചാത്തലത്തില്‍ കേരള യുക്തിവാദി സംഘം സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇക്കാര്യം അറിയിച്ചത്.
രജിസ്റ്റര്‍ ചെയ്ത കേസുകളുടെ കൂടുതല്‍ വിശദാംശങ്ങളറിയിക്കാന്‍ ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ആവശ്യപ്പെട്ടു. ഇതിനായി കൂടുതല്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി വീണ്ടും 19ന് പരിഗണിക്കാന്‍ മാറ്റി.
സംസ്ഥാനത്ത് ദുര്‍മന്ത്രവാദവും ആഭിചാര പ്രവൃത്തികളും തടയാന്‍ പ്രത്യേക നിയമം നിര്മിക്കണമെന്നതടക്കമുളള ആവശ്യങ്ങളാണു ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. നിയമനിര്‍മാണത്തില്‍നിന്നു പിന്‍വാങ്ങുന്നതായി ചൂണ്ടിക്കാട്ടി ആദ്യം നല്കിയ വിദശീകരണം പിന്നീട് സര്‍ക്കാര്‍ തിരുത്തിയിരുന്നു.
നിയമപരമായതടക്കം സങ്കീര്‍ണതകള്‍ മൂലം നടപടികള്‍ വൈകുന്നതാണെന്നും നിയമനിര്‍മാണത്തില്‍നിന്നു പിന്വാങ്ങിയിട്ടില്ലെന്നുമായിരുന്നു പുതിയ വിശദീകരണം.