സിയാല്‍ വിവരാവകാശ നിയമപരിധിയില്‍ വരുമെന്ന് കോടതി
Wednesday, August 6, 2025 1:39 AM IST
കൊച്ചി: കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അഥോറിറ്റി (സിയാല്‍) വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച്. പൊതുമേഖലാസ്ഥാപനമായി വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെയാണു സിയാല്‍ പ്രവർത്തിക്കുന്നത്. അതിനാല്‍ പൊതുസ്ഥാപനമല്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്നു ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തു സിയാല്‍ നല്കിയ അപ്പീല്‍ തള്ളിയാണു ജസ്റ്റീസുമാരായ സുശ്രുത് അരവിന്ദ് ധര്‍മാധികാരി, വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
ബോര്‍ഡ് മീറ്റിംഗിന്റെ മിനിറ്റ്സ് നല്‍കണമെന്ന സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവാണു സിയാല്‍ കോടതിയില്‍ ചോദ്യം ചെയ്തത്. ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെയാണു മാനേജിംഗ് ഡയറക്ടര്‍ വിവരാവകാശ കമ്മീഷന് ഉത്തരവ് ചോദ്യം ചെയ്തു ഹര്‍ജി നല്‍കിയത്.
അതിനാല്‍ സിയാല്‍ ഒരു ലക്ഷം രൂപ പിഴയടയ്ക്കണമെന്നും ഉത്തരവിട്ടു. ഹൈക്കോടതി അഡ്വക്കറ്റ് അസോസിയേഷന്റെ അക്കൗണ്ടില്‍ 10 ദിവസത്തിനുളളില്‍ ഈ തുക നിക്ഷേപിക്കണം. വിവരാവകാശ നിയമപ്രകാരം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെ നിയമിക്കുകയും ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കുകയും വേണം.