പാലായിൽ നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകള് ഇടിച്ചുതെറിപ്പിച്ചു; രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം
Wednesday, August 6, 2025 1:57 AM IST
പാലാ: അമിത വേഗത്തിലായിരുന്ന കാര്‍ നിയന്ത്രണംവിട്ട് എതിര് ദിശയില്‍വന്ന രണ്ട് സ്കൂട്ടറുകള് ഇടിച്ചുതെറിപ്പിച്ചു.
അപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ രണ്ട് യുവതികള്‍ മരിച്ചു. അപകടത്തില്‍പെട്ട സ്കൂട്ടറുകളില്‍ അമ്മയോടൊപ്പം സ്കൂളിലേക്കു പോകുകയായിരുന്ന കുട്ടിക്ക് ഗുരുതര പരിക്കേറ്റു. പാലാ-തൊടുപുഴ റോഡില്‍ മുണ്ടാങ്കല്‍ പള്ളിക്കുസമീപം ഇന്നലെ രാവിലെ 9.20നായിരുന്നു അപകടം.
മേലുകാവുമറ്റം നെല്ലന്‍കുഴിയില്‍ ധന്യ സന്തോഷ് (38), പ്രവിത്താനം അല്ലാപ്പാറ പാലക്കുഴിക്കുന്നേല്‍ ജോമോള്‍ സുനില്‍ (35) എന്നിവരാണു മരിച്ചത്. ജോമോള്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന മകള്‍ പാലാ സെന്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി അന്നമോളെ (11) ഗുരുതര പരിക്കുകളോടെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
പാലായിലെ മീനച്ചില്‍ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ ധന്യ ജോലിക്കു പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. പാലായില്‍നിന്നു കടനാട്ടിലെ സ്കൂളിലേക്ക് അധ്യാപക പരിശീലനത്തിന് പോകുകയായിരുന്ന രണ്ടാം വര്‍ഷ ബിഎഡ് വിദ്യാര്‍ഥികളായ നാല് പേരാണ് കാറിലുണ്ടായിരുന്നത്.
സ്കൂട്ടറുകള് ഇടിച്ചു തെറിപ്പിച്ചശേഷം എതിര് ദിശയിലെ മതിലില്‍ ഇടിച്ചാണ് കാര്‍ നിന്നത്. കാറിൽ സുരക്ഷാ സംവിധാനമുണ്ടായിരുന്നതിനാല്‍ ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
സംഭവത്തില്‍ അമിത വേഗത്തില്‍ വാഹനം ഓടിച്ച് അപകടം സൃഷ്ടിച്ചതിനു പാലാ പോലീസ് ഇവര്‍ക്കെതിരേ കേസെടുത്തു.
കാര്‍ ഓടിച്ചിരുന്ന രണ്ടാം വര്‍ഷ ബിഎഡ് വിദ്യാര്‍ഥി നെടുങ്കണ്ടം ചെറുവിള ചന്തൂസ് ത്രിജി (24)യെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. അപകടത്തില്‍ മരിച്ച യുവതികളുടെ മൃതദേഹം പാലാ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പാലായില്‍ വാന്‍ ഡ്രൈവറായ സുനിലാണ് ജോമോളുടെ ഭര്‍ത്താവ്. ഇവരുടെ ഏക മകളാണ് പരിക്കേറ്റു ചികിത്സയിലുള്ള അന്നമോള്. ജോമോള്‍ ഇളംതോട്ടം അമ്മിയാനിക്കല്‍ കുടുംബാഗം. സംസ്കാരം പിന്നീട്. ഇടമറുക് തട്ടാപറമ്പില്‍ കുടുംബാംഗമാണ് ധന്യ.
ഒരു വര്‍ഷമായി പാലായില്‍ മീനച്ചില്‍ അഗ്രോ സൊസൈറ്റിയില്‍ കളക്ഷന്‍ ഏജന്റാണ്. ഭര്‍ത്താവ് എന്‍.കെ. സന്തോഷ് മലേഷ്യയില്‍ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. രണ്ടാഴ്ച മുന്‍പ് ജോലിസ്ഥലത്തേക്കുപോയ സന്തോഷ് സംഭവം അറിഞ്ഞു തിരികെ നാട്ടില്‍ എത്തി.
സംസ്കാരം ഇന്നു രാവിലെ 11.30ന് ഇടമറുകിലുള്ള തറവാട്ട് വീട്ടുവളപ്പില്‍ നടക്കും. മക്കൾ: ശ്രീരി (പ്ലസ് വണ്‍ വിദ്യാര്‍ഥി, സെന്റ് പോള്‍സ് എച്ച്എസ്എസ് മൂന്നിലവ്), ശ്രീനന്ദന് (കുറുമണ്ണ് സെന്റ് ജോണ്‍സ് സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥി).