നടൻ ഷാനവാസിന് അന്ത്യാഞ്ജലി
Wednesday, August 6, 2025 1:38 AM IST
തിരുവനന്തപുരം: നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസിന് യാത്രാമൊഴി നൽകി കേരളം.
വഴുതക്കാട് ആകാശവാണിക്കു സമീപത്തെ കോർഡോണ് ട്രിനിറ്റി ഫ്ളാറ്റിൽ പൊതു ദർശനത്തിനു വച്ച മൃതദേഹത്തിൽ സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ-സിനിമ മേഖലയിലെ പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു. എന്നാൽ, സിനിമ മേഖലയിലെ പല പ്രമുഖരും എത്തിയില്ല.
തിങ്കളാഴ്ച അർധരാത്രി 11.30നോടെയായിരുന്നു ഷാനവാസിന്റെ അന്ത്യം. കഴിഞ്ഞ നാലു വർഷമായി ഹൃദയ- വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങി.
ഇന്നലെ പകൽ വഴുതക്കാട്ടെ ഫ്ളാറ്റിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ മന്ത്രി സജി ചെറിയാൻ, കോണ്ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല, മുൻ മന്ത്രി ഇ.പി. ജയരാജൻ, എംഎൽഎമാരായ വി. ശശി, എം. വിൻസെന്റ്, വി.കെ. പ്രശാന്ത്, ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, കെഎസ്എഫ്ഡിസി ചെയർമാൻ കെ. മധു, താരങ്ങളായ മണിയൻപിള്ള രാജു, ജോസ് കുര്യൻ, കാർത്തിക, ജലജ, നന്ദു, ഭീമൻ രഘു, അപ്പാ ഹാജി, അരിസ്റ്റോ സുരേഷ്, കുക്കു പരമേശ്വരൻ, മധുപാൽ, ബാലാജി ശർമ, പ്രഫ. അലിയാർ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.
തുടർന്നു വൈകുന്നേരത്തോടെ വിലാപയാത്രയായി പാളയം ജുമാമസ്ജിദിൽ എത്തിച്ചു. ഇവിടെ ഗാനരചയിതാവ് ശ്രീകുമാരൻ തന്പി, നടൻ ദേവൻ തുടങ്ങിയവർ ഷാനവാസിനെ അവസാനമായി ഒരുനോക്കു കാണാനെത്തി. തുടർന്ന് പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവിയുടെ കാർമികത്വത്തിൽ കബറടക്കം നടത്തി.
1981ൽ പ്രേമഗീതങ്ങൾ എന്ന സിനിമയിലൂടെയാണ് ഷാനവാസ് അഭിനയ രംഗത്ത് എത്തിയത്. തുടർന്ന് പ്രേംനസീർ അന്തരിച്ച 1989 വരെ 25 ലേറെ സിനിമകളിൽ നായകനായി. തുടർന്ന് സിനിമാരംഗം ഉപേക്ഷിച്ച് ദുബായിൽ ഷിപ്പിംഗ് കന്പനിയിൽ മാനേജരായി. 10 വർഷത്തോളം നീണ്ട ഔദ്യോഗിക ജീവിതത്തിനു ശേഷം മടങ്ങിയെത്തി സീരിയലുകളിലും സിനിമകളിലും വീണ്ടും സജീവമായി.