എഡിഎം നവീൻ ബാബുവിന്റെ മരണം ; തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കോടതിയിൽ
Wednesday, August 6, 2025 1:57 AM IST
കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചു. പ്രത്യേക സംഘത്തിന്റെ (എസ്ഐടി) അന്വേഷണം തൃപ്തികരമല്ലെന്നു വ്യക്തമാക്കിയും അന്വേഷണത്തിലെ പിഴവുകള്‍ ചൂണ്ടിക്കാണിച്ചുമാണ് മഞ്ജുഷ കണ്ണൂരിലെ വിചാരണക്കോടതിയിൽ ഹര്‍ജി നൽകിയത്.
കുറ്റപത്രത്തിലെ 13 പിഴവുകള്‍ ഹര്‍ജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗമാണ് പ്രതി എന്നതിനാൽ ശരിയായ തെളിവുകള്‍ ശേഖരിച്ചില്ലെന്നും പ്രശാന്തനില്നിന്നു കൈക്കൂലി വാങ്ങിയെന്ന് വ്യാജകേസ് നിര്‍മിക്കാന്‍ ശ്രമിച്ചുവെന്നുമാണ് ഹര്‍ജിയിൽ പറയുന്നത്.
വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തല്‍ പോലീസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ല. പ്രശാന്തന്, പി.പി. ദിവ്യയുടെ ബിനാമി ആണെന്ന സൂചനയുണ്ടായിട്ടും അന്വേഷിച്ചില്ല. ഇലക്ട്രോണിക് തെളിവുകളില്‍ പലതിലും ക്രമക്കേടുണ്ട്.
സിഡിആര്‍ പലതും ശേഖരിച്ചില്ലെന്നും ഹര്‍ജിയിൽ പറയുന്നു. എസ്ഐടി അന്വേഷണം തൃപ്തികരമായിരുന്നില്ലെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീണ്‍ ബാബു മാധ്യമങ്ങളോട് പറഞ്ഞു.