ജീവൻ പൊലിഞ്ഞതോടെ സിസ്റ്റം ഉഷാർ ; ശന്പള ബില്ലുകൾ വാങ്ങി ഒപ്പുവച്ചു
Wednesday, August 6, 2025 1:37 AM IST
പത്തനംതിട്ട: ഹൈക്കോടതി ഉത്തരവുണ്ടായിട്ടും എയ്ഡഡ് സ്കൂൾ അധ്യാപികയുടെ ശന്പളക്കുടിശിക നൽകാതിരുന്നത് സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് വിലയിരുത്തി വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരെ രക്ഷിക്കാൻ നീക്കം. ഇതിനിടെ ഇന്നലെ അധ്യാപികയുടെ ശന്പള കുടിശിക ബില്ലുകൾ സ്കൂളിൽനിന്ന് അടിയന്തരമായി ശേഖരിച്ച് ഡിഇ ഓഫീസ് അധികൃതർ ഒപ്പുവച്ചു.
റാന്നി നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്കൂളിലെ യുപി വിഭാഗം അധ്യാപികയായ ഭാര്യ ലേഖ രവീന്ദ്രന്റെ 13 വർഷത്തെ ശന്പള കുടിശിക വിദ്യാഭ്യാസ ഓഫീസിൽ തടഞ്ഞുവച്ചതിൽ മനംനൊന്ത് ഭർത്താവ് വി.ടി. ഷിജോ കഴിഞ്ഞദിവസം ജീവനൊടുക്കിയ സംഭവത്തെ തുടർന്നാണ് ചടുലമായ നീക്കങ്ങൾ.
അധ്യാപികയുടെ നിയമനം അംഗീകരിച്ച് ശന്പളം നൽകുന്നതിൽ പ്രധാനാധ്യാപികയുടെ ഭാഗത്തു പ്രത്യക്ഷത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും തിടുക്കത്തിൽ നടപടിയെടുക്കില്ലെന്നും മാനേജർ ജോർജ് ജോസഫ് വ്യക്തമാക്കി. ഇതു സംബന്ധിച്ച് മാനേജ്മെന്റ് നിയമോപദേശം തേടിവരികയാണ്.
ശന്പള കുടിശിക നൽകാത്ത വിഷയവുമായി ബന്ധപ്പെട്ട് പത്തനംതിട്ട വിദ്യാഭ്യാസ ജില്ലാ ഓഫീസിലെ മൂന്ന് ജീവനക്കാരെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. സ്കൂൾ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ മാനേജ്മെന്റിനോട് നിർദേശിക്കുകയും ചെയ്തിരുന്നു.
ലേഖ രവീന്ദ്രന് ശമ്പള കുടിശിക ലഭിക്കാൻ നിയമ നടപടികൾക്ക് സ്കൂൾ മാനേജ്മെന്റ് പിന്തുണ നൽകിയിരുന്നതായി മാനേജർ പറഞ്ഞു. കോടതി ഉത്തരവുണ്ടായിട്ടും ലേഖയ്ക്ക് ശമ്പളക്കുടിശിക നൽകാതിരുന്നതിന്റെ പൂർണ ഉത്തരവാദിത്വം വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കാണ്. നിലവിലെ പ്രധാനാധ്യാപിക കഴിഞ്ഞ മേയ് 31നാണ് ചുമതലയേറ്റത്. അതിനുശേഷം ലേഖയുടെ മൂന്നുമാസത്തെ ശമ്പളം നൽകിയിട്ടുണ്ട്. ബാക്കിയുള്ളത് അംഗീകരിക്കേണ്ടത് വിദ്യാഭ്യാസ വകുപ്പ് ഓഫീസാണ്.
ശന്പള കുടിശിക നൽകണമെങ്കിൽ വിദ്യാഭ്യാസ ജില്ലാ ഓഫീസിൽനിന്ന് ഒഥന്റിഫിക്കേഷൻ ലഭ്യമാകണം. ഇതിന് അനുമതി തേടിയെങ്കിലും നൽകിയിരുന്നില്ല. നിലവിലെ പ്രധാനാധ്യാപികയുടെ നിയമനം അംഗീകരിച്ച് ഡിജിറ്റൽ സിഗ്നേച്ചറിന് അനുമതി നൽകിയത് ജൂൺ 16നാണ്. ഇതിനുശേഷമുള്ള നടപടികളെല്ലാം പൂർത്തീകരിച്ചിരുന്നു.
വീഴ്ച മറച്ചുവയ്ക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നതെന്നും മാനേജ്മെന്റ് കറ്റപ്പെടുത്തി. ലേഖ രവീന്ദ്രന്റെ ശന്പള ബില്ലുകൾ തയാറാക്കി വച്ചിരുന്നത് നേരിട്ട് ഡിഇഒയിലെത്തിക്കാൻ സ്കൂൾ അധികൃതർക്ക് നിർദേശമുണ്ടാകുകയായിരുന്നു. പത്തനംതിട്ട ഡിഇഒ തസ്തികയിൽ ആളില്ലാത്തതിനാൽ ചുമതലയുള്ള പിഎ ആശുപത്രിയിലായിരുന്നിട്ടുകൂടി അവിടെ എത്തിച്ച് ഒപ്പുവയ്പിക്കുകയും ചെയ്തു.
അത്തിക്കയം വടക്കേച്ചരുവിൽ വി.ടി. ഷിജോയെ (46) ഞായറാഴ്ച വൈകുന്നേരം വീടിന് ഒന്നരകിലോമീറ്റർ അകലെയുള്ള വനമേഖലയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ നടക്കും. കുടംബം സാന്പത്തിക പ്രതിസന്ധിയിലായതോടെ ലേഖയുടെ ശന്പളക്കുടിശികയ്ക്കുവേണ്ടി ഷിജോ ഒട്ടേറെ പരിശ്രമങ്ങൾ നടത്തിയിരുന്നു. ഇതെല്ലാം പരാജയപ്പെട്ടതോടെ മാനസിക വിഷമത്തിലായെന്ന് പിതാവ് ത്യാഗരാജൻ പറഞ്ഞു.
ഇതിനിടെ വിഎഫ്പിസികെയിൽ ഡ്രൈവറായിരുന്ന ഷിജോയുടെ ശന്പളവും മുടങ്ങി. മകൻ വൈഷ്ണവിന് ഈറോഡിൽ എൻജിനിയറിംഗ് പ്രവേശനത്തിന് അഡ്മിഷൻ ലഭിച്ചെങ്കിലും അടിയന്തരമായി അടയ്ക്കേണ്ട രണ്ടുലക്ഷം രൂപ ലഭ്യമാകാതെ വന്നതും ഷിജോയെ പ്രതിസന്ധിയിലാക്കിയതായി പറയുന്നു.
മകന്റെ പഠനം മുടങ്ങുമോയെന്ന ആശങ്കയും ഉണ്ടായി. തന്റെ മാതാപിതാക്കളടങ്ങുന്ന കുടുംബത്തിന്റെയും ഭാര്യ ലേഖയുടെ കുടുംബത്തിന്റെയും കാര്യങ്ങൾ നടത്തിവന്നത് ഷിജോയാണ്.