43,000 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ: വിതരണോദ്ഘാടനം ഇന്ന്
Wednesday, August 6, 2025 1:37 AM IST
തിരുവനന്തപുരം: ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം, മാറിവരുന്ന സാമൂഹിക സാമ്പത്തിക ഘടകങ്ങൾക്കനുസരിച്ച്, ഏറ്റവും അർഹരായവരെ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ പുതുക്കിയ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട 43,000 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ നൽകുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്നു വൈകുന്നേരം നാലിന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടക്കും. മന്ത്രി ജി. ആർ. അനിൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
സമൃദ്ധിയുടെ പൊന്നോണം ഉറപ്പാക്കാൻ കേരള സർക്കാർ ഓണത്തോടനുബന്ധിച്ച് പ്രത്യേക ഭക്ഷ്യവിതരണ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓഗസ്റ്റിൽ കിലോഗ്രാമിന് 10 രൂപ 90 പൈസ നിരക്കിൽ ഓണം സ്പെഷൽ അരി വിതരണം ചെയ്യും. പിഎച്ച്എച്ച് (പിങ്ക്) കാർഡ് വിഭാഗത്തിന് നിലവിലുള്ള വിഹിതത്തിന് പുറമേ അഞ്ച് കിലോഗ്രാം അരിയും എൻപിഎസ്(നീല) കാർഡ് വിഭാഗത്തിന് നിലവിലുള്ള വിഹിതത്തിന് പുറമേ 10 കിലോഗ്രാം അരിയും ലഭിക്കും.
എൻപിഎൻഎസ് (വെള്ള) കാർഡ് വിഭാഗത്തിന് ആകെ 15 കിലോഗ്രാം അരി ലഭ്യമാകും. എഎവൈ (മഞ്ഞ) കാർഡ് വിഭാഗത്തിന് സൗജന്യ ഭക്ഷ്യക്കിറ്റുകളും ഒരു കിലോഗ്രാം പഞ്ചസാരയും നൽകും. എല്ലാ റേഷൻ കാർഡ് വിഭാഗങ്ങൾക്കും മണ്ണെണ്ണ വിതരണം ചെയ്യുമെന്നും സർക്കാർ അറിയിച്ചു.